News - 2024
സുവിശേഷത്തിന്റെ ആനന്ദം സ്ത്രീകളിലേക്ക് എത്തിച്ച് 'ഷീ റീഡ്‌സ് ട്രൂത്ത്'; ഉപയോക്താക്കള്‍ 3 മില്യണ്‍
സ്വന്തം ലേഖകന്‍ 12-10-2016 - Wednesday
വാഷിംഗ്ടണ്‍: തിരക്കിന്റെ ഈ ആധുനിക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ബൈബിള്‍ വായിക്കുന്നതിനായി ഒരു പ്രത്യേക സൈറ്റും, അതുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിരിക്കുകയാണ് രണ്ടു വനിതകള്‍. പ്രത്യേക രീതിയിലാണ് ബൈബിള്‍ വാക്യങ്ങള്‍ ഈ സംവിധാനത്തിലൂടെ വായിക്കുവാന്‍ സാധിക്കുക. ഷീ റീഡ്‌സ് ട്രൂത്ത് (#SheReadsTruth) എന്ന പേരില്‍ ഇന്റര്‍നെറ്റിലും, മൊബൈലിലും ലഭ്യമായ ഈ സംവിധാനം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. വായിക്കുന്ന വചന ഭാഗത്തെ സംബന്ധിക്കുന്ന ചിത്രങ്ങളും, ലഘുവിവരണങ്ങളും, സ്ത്രീകളുടെ ശബ്ദത്തില്‍ തയ്യാറാക്കിയിരിക്കുന്ന അനുബന്ധ വായനാ ഭാഗങ്ങളുമെല്ലാം ഷീ റീഡ്‌സ് ട്രൂത്തില്‍ ലഭ്യമാണ്.
അമാന്‍ഡ ബൈബിള്‍ വില്യംസ്, റേച്ചല്‍ മയേഴ്‌സ് എന്നീ വനിതകള്‍ ചേര്‍ന്നാണ് ഷീ റീഡ്‌സ് ട്രൂത്ത് ആരംഭിച്ചത്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ നിരവധി നവമാധ്യമങളിലൂടെ ഷീ റീഡ്‌സ് ട്രൂത്ത് പ്രചരിക്കപ്പെടുന്നുണ്ട്. മൂന്നു മില്യണ്‍ സ്ത്രീകളാണ് ഇപ്പോള്‍ ഷീ റീഡ്‌സ് ട്രൂത്ത് വഴി ബൈബിള്‍ സ്ഥിരമായി വായിക്കുന്നത്. സുവിശേഷത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഷീ റീഡ്‌സ് ട്രൂത്ത് തങ്ങള്‍ ആരംഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
പുരുഷന്‍മാര്‍ക്കു വേണ്ടി 'ഹീ റീഡ്‌സ് ട്രൂത്ത്' എന്ന സൈറ്റും ഇതിനോടകം ഇവര്‍ ആരംഭിച്ചിട്ടുണ്ട്. തിരക്കുള്ള ജീവിത സാഹചര്യങ്ങളിലും ബൈബിള്‍ വായിക്കുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും, ഇതിലൂടെ മനുഷ്യനെ രക്ഷയിലേക്ക് നയിക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറയുന്നു. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ പഠനങ്ങള്‍ പ്രകാരം ബൈബിള്‍ വായിക്കുന്ന 10 പേരില്‍ എട്ടു പേരും മൊബൈല്‍ ഉപയോഗിച്ചാണ് ബൈബിള്‍ വായന നടത്തുന്നത്. ബൈബിള്‍ വചനങ്ങളുമായി ബന്ധപ്പെട്ട പലതരം മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് മിക്ക ക്രൈസ്തവരും ഉപയോഗിക്കുന്നുണ്ട്. ഷീ റീഡ്‌സ് ട്രൂത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോകമെമ്പാടും ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന മികച്ച 50 സൗജന്യ റഫറന്‍സ് ആപ്ലിക്കേഷനുകളില്‍ ഒന്നായി ഇതിനോടകം തന്നെ മാറികഴിഞ്ഞു.
5 ലക്ഷം ആളുകള്‍ ആണ് ഷീ റീഡ്‌സ് ട്രൂത്തിന്റെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി ഇതിനെ പിന്‍തുടരുന്നത്. 220 രാജ്യങ്ങളിലെ ഇരുപതിനായിരത്തോളം നഗരങ്ങളിലായി ഷീ റീഡ്‌സ് ട്രൂത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഗൂഗിള്‍ ട്രാഫിക്‌സ് വിവരങ്ങള്‍ ചൂണ്ടികാണിക്കുന്നു. പുതിയ വര്‍ഷം ആരംഭിക്കുമ്പോഴും, നോമ്പ് കാലം ആരംഭിക്കുമ്പോഴും ഷീ റീഡ്‌സ് ട്രൂത്തിന്റെ പ്രചാരണം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നൂതന സാങ്കേതി വിദ്യകളുടെ ഈ കാലഘട്ടത്തിലും ബൈബിള്‍ വചനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം നിരവധി പേര്‍ക്ക് ജോലിയും നല്‍കുന്നുണ്ട്.