News - 2024

തിരുകല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയായേക്കും

സ്വന്തം ലേഖകന്‍ 31-10-2016 - Monday

ജറുസലം: യേശു ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയായേക്കും. യേശുവിന്റെ കല്ലറയേ ഉള്ളിലാക്കി പണിത 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ദേവാലയത്തില്‍ കഴിഞ്ഞ മാർച്ചിലാണു കല്ലറയുടെയും അനുബന്ധ മേഖലയുടെയും പുനരുദ്ധാരണം ആരംഭിച്ചത്.

ക്രിസ്തുവിനെ അടക്കിയ കല്ലറ 326–ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേനയാണ് കണ്ടെത്തിയത്. അവർ പണിയിച്ച ദേവാലയം 335 സെപ്റ്റംബർ 13–നു കൂദാശ ചെയ്തു. തിരുശരീരം സംസ്കരിച്ച കല്ലറയുടെ മുകളിലായി മാര്‍ബിളില്‍ പണിത 'എഡിക്യൂള്‍' എന്ന പ്രത്യേക നിര്‍മ്മിതിയില്‍ സ്പര്‍ശിച്ചാണ് വിശ്വാസികള്‍ ഇവിടെയെത്തുമ്പോള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

കല്ലറയുടെ ഉപരിഘടനയായ മാർബിൾ ഫലകം ഇക്കഴിഞ്ഞ ദിവസം നീക്കിയിരിന്നു. മൂന്നടി വീതിയും അഞ്ചടി നീളവും ഉള്ളതായിരുന്നു ഫലകം. ക്രിസ്താബ്ദം 1555-നു ശേഷം ആദ്യമായിട്ടാണ് കല്ലറയുടെ ഉപരിഘടന തുറന്നത്. ഉപരിഘടന മാറ്റിയപ്പോൾ കല്ലറയിൽ പല വസ്തുക്കള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവ വിശകലനം ചെയ്തു തീരാൻ ആഴ്ചകൾ എടുത്തേക്കും. ഇതിനു ശേഷം മാത്രമേ യേശുവിനെ കിടത്തിയ ശിലയിൽ പഠനങ്ങൾ ആരംഭിക്കുകയുള്ളൂ. 40 ലക്ഷത്തിലേറെ ഡോളർ (27 കോടിയിലധികം രൂപ) ചെലവഴിച്ചാണു പുനരുദ്ധാരണ പ്രവർത്തനം.

തിരുക്കല്ലറ ദേവാലയം എന്നറിയപ്പെടുന്ന ഇവിടെ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ നവംബർ അവസാനം മുതൽ നാഷണൽ ജ്യോഗ്രഫിക് ചാനൽ 'എക്സ്പ്ലോറർ' പരിപാടിയിൽ സംപ്രേഷണം ചെയ്യും. ആറു ക്രൈസ്തവ വിഭാഗങ്ങളും നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും ആതൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ചേർന്നാണു പുനരുദ്ധാരണം നടത്തുന്നത്.

More Archives >>

Page 1 of 99