News - 2024
വൈകല്യം ബാധിച്ച ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കാന്‍ പദ്ധതിയുമായി പോളണ്ട് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍ 07-11-2016 - Monday
വാര്‍സോ: വൈകല്യങ്ങള്‍ ബാധിച്ച് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക്, അവരെ പരിചരിക്കുവാന്‍ വേണ്ടി പ്രത്യേക സാമ്പത്തിക സഹായം ഏര്‍പ്പെടുത്തുവാന്‍ പോളണ്ട് സര്‍ക്കാര്‍ തീരുമാനിച്ചു. ഗര്‍ഭസ്ഥ ശിശുവിന് വൈകല്യമുണ്ടെങ്കില്‍ ജനന ശേഷമുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ ഓര്‍ത്ത് കുഞ്ഞിന്റെ ജീവന്‍ നശിപ്പിക്കുവാന്‍ പലരും തയാറാകുന്നതിനാലാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പോളണ്ടിലെ നിലവിലെ നിയമം അനുസരിച്ച് അമ്മയുടെ ജീവന് അപകടമുണ്ടാകുമെന്ന ഘട്ടം വരുമ്പോഴും ഗർഭസ്‌ഥശിശുവിന് വൈകല്യമുണ്ടെന്നു പരിശോധനയിലൂടെ വ്യക്‌തമാവുകയാണെങ്കിലും ഗർഭഛിദ്രം നടത്താൻ അർഹതയുണ്ട്.
പുതിയ സര്‍ക്കാര്‍ തീരുമാന പ്രകാരം ദമ്പതികള്‍ക്ക് വൈകല്യമുള്ള ഒരു കുഞ്ഞ്, ജനിക്കുകയാണെങ്കില്‍ കുട്ടിയുടെ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ 4000 സ്ലോട്ടീസ് (925 യൂറോ) നല്‍കും. ഈ തീരുമാനത്തിലൂടെ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കും ജനിക്കുവാനുള്ള അവസരം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരം കുട്ടികള്‍ ഉണ്ടാകുന്നതു മൂലമുള്ള ഗര്‍ഭഛിദ്രത്തിന്റെ നിരക്ക് കുറയ്ക്കുവാന്‍ പുതിയ തീരുമാനം സഹായകരമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
പുതിയ നടപടി ഇത്തരം കുട്ടികളുള്ള മാതാപിതാക്കളെ സഹായിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണെന്ന് പാര്‍ലമെന്‍റ് അംഗമായ എല്‍സ്ബീത്ത വിറ്റക് പറഞ്ഞു. കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തുടര്‍ന്നും സര്‍ക്കാര്‍ സഹായിക്കും എന്ന സൂചനയാണ് എല്‍സ്ബീത്ത വിറ്റകിന്റെ വാക്കുകള്‍ നല്‍കുന്നത്. കത്തോലിക്ക സഭയ്ക്ക് ശക്തമായ സ്വാധീനമുള്ള രാജ്യമായ പോളണ്ടില്‍, ഗര്‍ഭഛിദ്രത്തിനെതിരെ സഭ ശക്തമായിട്ടാണ് വാദിക്കുന്നത്.
പുതിയ പദ്ധതിയെ 267 ജനപ്രതിനിധികള്‍ അംഗീകരിച്ചപ്പോള്‍, സര്‍ക്കാരിന്റെ ഈ കാരുണ്യ പദ്ധതിയെ 140 പേര്‍ എതിര്‍ക്കുകയും ചെയ്തു. 21 പേര്‍ പുതിയ തീരുമാനത്തിലെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുവാന്‍ ഹാജരായിരുന്നില്ല.
രാജ്യത്തു ഗർഭഛിദ്രം പൂർണമായും നിരോധിക്കണമെന്ന ബിൽ പോളണ്ട് പാർലമെന്റ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തള്ളിയിരിന്നു. 38 മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് പ്രതിവര്‍ഷം രണ്ടായിരത്തില്‍ അധികം ഗര്‍ഭഛിദ്രം നിയമവിധേയമായി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രഹസ്യമായി ഒന്നരലക്ഷത്തോളം ഗര്‍ഭഛിദ്രം രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.