News - 2024

തിരുവോസ്തി മോഷ്ട്ടിച്ച് പൊതുജന മധ്യത്തില്‍ അപമാനിച്ച സ്പാനിഷ് കലാകാരനെ കോടതി വെറുതെ വിട്ടു; പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 17-11-2016 - Thursday

മാഡ്രിഡ്: ദിവ്യകാരുണ്യത്തെ അപമാനിച്ച കലാകാരനെതിരേയും, അയാളുടെ പ്രവര്‍ത്തിയെ അനുകൂലിച്ച് വിധി പ്രസ്താവന നടത്തിയ ജഡ്ജിക്കെതിരെയുമുള്ള പ്രതിഷേധം സ്‌പെയിനില്‍ വ്യാപിക്കുന്നു. കേസില്‍ ഇപ്പോള്‍ വന്നിരിക്കുന്ന വിധിക്കെതിരെ തങ്ങള്‍ മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ക്രൈസ്തവരായ അഭിഭാഷകര്‍ പറഞ്ഞു. ക്രൈസ്തവരുടെ ഹൃദയത്തെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്ന തരത്തിലാണ് ജഡ്ജി തന്റെ വിധി പ്രസ്താവന നടത്തിയതെന്നും അഭിഭാഷകര്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഏബല്‍ അസ്‌കോണ എന്ന കലാകാരന്‍ മാഡ്രിഡ്, പാംപ്ലോന എന്നീ നഗരങ്ങളില്‍ നിന്നും 240-ല്‍ അധികം വാഴ്ത്തിയ തിരുവോസ്തികള്‍ മോഷ്ടിച്ചു. പിന്നീട് ഇവ തറയില്‍ നിരത്തി അശ്ലീല അര്‍ത്ഥം വരുന്ന വാക്ക് എഴുതിയ ശേഷം, അതിന്റെ മുകളില്‍ നിന്നും നഗ്നചിത്രം എടുത്തു. നഗരത്തിലെ ഒരു പ്രധാന എക്‌സിബിഷനില്‍ ഇയാള്‍ ഇതൊരു പ്രദര്‍ശന ചിത്രമാക്കുകയും ചെയ്തു.

രണ്ടേമുക്കാല്‍ ലക്ഷം ഡോളറിനാണ് ഏബല്‍ അസ്‌കോണ താന്‍ മോഷ്ടിച്ച തിരുവോസ്തി പലര്‍ക്കായി വിറ്റത്. മതവിശ്വാസത്തേയും ക്രൈസ്തവരേയും അപമാനിക്കുന്ന കലാകാരന്റെ നടപടിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെടുകയായിരിന്നു. മോഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കലാകാരനെതിരെ നിലനില്‍ക്കുമെന്നും ഫയല്‍ ചെയ്ത കേസില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കലാകാരന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യമാണ് അയാള്‍ പ്രകടമാക്കിയതെന്നും പറയുന്ന ഞെട്ടിക്കുന്ന വിധിയാണ് ജഡ്ജി പുറപ്പെടുവിച്ചത്. വാഴ്ത്തിയ തിരുവോസ്തിയെ വട്ടത്തിലുള്ള വെളുത്ത വസ്തുവെന്നാണ് ജഡ്ജി പരാമര്‍ശിച്ചത്. നീതി തേടിപോയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നീതി നല്‍കേണ്ട ജഡ്ജിയില്‍ നിന്നും വീണ്ടും ഹൃദയവേദനയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

ക്രിസ്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ പൊളോണിയ കാസ്റ്റിലാനോസ് വിധിക്കെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തു വന്നിട്ടുണ്ട്. തെറ്റായ ഉദ്ദേശത്തോടെയാണ് ന്യായാധിപന്‍ വിധിപ്രസ്താവന നടത്തിയതെന്നു അദ്ദേഹം പറഞ്ഞു. സ്പാനിഷ് പീനല്‍ കോഡിലെ 525-ാം ആര്‍ട്ടിക്കിള്‍ പ്രകാരം മതത്തെ തെറ്റായി വിമര്‍ശിക്കുന്നവര്‍ക്കും, മതപരമായ വിഷയങ്ങളില്‍ പ്രകോപനപരമായി ഇടപെടുന്നവര്‍ക്കും ശിക്ഷ ലഭിക്കണമെന്ന വകുപ്പ്, ജഡ്ജി എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും അവര്‍ ചോദിക്കുന്നു.

ക്രൈസ്തവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രദര്‍ശനവും മറ്റു നടപടികളും നിര്‍ത്തവയ്ക്കണമെന്ന് കാണിച്ച് പാംപ്ലോന നഗരസഭാ കൗണ്‍സിലില്‍ ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തിരുവോസ്തികള്‍ അപമാനിക്കപ്പെട്ടതിനു പ്രായശ്ചിത്തമായി ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌കോ പെരസിന്റെ നേതൃത്വത്തില്‍ പ്രത്യേക ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. 4500-ല്‍ അധികം പേരാണ് പ്രായശ്ചിത്ത ബലിയില്‍ പങ്കുചേരുവാന്‍ എത്തിയത്.

More Archives >>

Page 1 of 106