News - 2024

ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്‍തുണയ്ക്കുന്നുവെന്ന വ്യാജ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചലനം സൃഷ്ടിച്ചു; വ്യാജ വാര്‍ത്ത ട്രംപിന് ഗുണകരമായെന്നും വിലയിരുത്തല്‍

സ്വന്തം ലേഖകന്‍ 17-11-2016 - Thursday

വാഷിംഗ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്‍തുണയ്ക്കുന്നുവെന്ന വ്യാജ വാര്‍ത്ത അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വന്‍ ചലനമുണ്ടാക്കിയതായി പഠനം. തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനെ പിന്‍തുണയ്ക്കുന്ന തരത്തില്‍ മാര്‍പാപ്പ പ്രസ്താവന നടത്തിയെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നു. മാർപാപ്പ തെരഞ്ഞെടുപ്പില്‍ ആരെയെങ്കിലും പിന്‍തുണയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നില്ല.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോട്, "മതിലുകള്‍ നിര്‍മ്മിക്കുന്നത് ക്രൈസ്തവ വിശ്വാസികള്‍ക്കു ചേര്‍ന്ന പ്രവര്‍ത്തിയല്ല" എന്ന പ്രതികരണം മാത്രമായിരുന്നു പാപ്പ നടത്തിയിരുന്നത്. എന്നാല്‍, ചില ഓണ്‍ ലൈന്‍ ന്യൂസ് സൈറ്റുകളില്‍ തികച്ചും വ്യത്യസ്തമായ വാര്‍ത്തകളാണ് വന്നത്. പാപ്പ ട്രംപിനെ പിന്‍തുണയ്ക്കുന്നുവെന്ന തരത്തിലായിരുന്നു ഇതിന്റെ ഉള്ളടക്കം. ലക്ഷക്കണക്കിന് ആളുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ വാര്‍ത്ത പ്രചരിപ്പിച്ചു.

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഫലത്തെ പോലും ഇത് സ്വാധീനിച്ചു. കത്തോലിക്ക വിശ്വാസികളില്‍ അധികം പേരും ട്രംപിനാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പിന്നീട് പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോളുകളും തെളിയിച്ചിരുന്നു. പാപ്പയുടെ പിന്‍തുണ ട്രംപിനാണെന്ന വ്യാജ വാര്‍ത്തയുടെ സ്വാധീനമായിരിക്കാം ഇതെന്നും നിരീക്ഷകര്‍ കരുതുന്നു. ഫേസ്ബുക്കില്‍ വരുന്ന വാര്‍ത്തകളുടെ വിശ്വാസ്യത 99 ശതമാനമാണെന്ന് ഫേസ്ബുക്കിന്റെ സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പരസ്യത്തിലൂടെ ഭീമമായ വരുമാനം ഉണ്ടാക്കുവാന്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന കാര്യവും അദ്ദേഹം തള്ളികളഞ്ഞിരുന്നില്ല.

ടൈംസ് ന്യൂസ് പേപ്പറിന്റെ റെഡ് ബോക്‌സ് ഇമെയില്‍ സംവിധാനത്തിന്റെ എഡിറ്റര്‍ മാറ്റ് കോര്‍ളി പറഞ്ഞ വാചകങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. "ഫേസ്ബുക്കും മറ്റ് സാമൂഹിക മാധ്യമങ്ങളും എന്തെങ്കിലും പറഞ്ഞാല്‍ അതാണ് ശരിയെന്ന് ഒരു കൂട്ടം ആളുകള്‍ വിശ്വസിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിനെ പിന്‍തുണച്ചു എന്ന വ്യാജ വാര്‍ത്തയിലും ഇതു തന്നെയാണ് സംഭവിച്ചത്. മാര്‍പാപ്പയുടെ വാക്കുകള്‍ വലിയ വിശ്വാസത്തോടെയാണ് ജനങ്ങള്‍ സ്വീകരിക്കുക", മാറ്റ് കോര്‍ളി പറഞ്ഞു.

More Archives >>

Page 1 of 106