News - 2024
മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യില്‍ വ്യക്തത ആവശ്യപ്പെട്ട് കര്‍ദിനാളുമാര്‍ രംഗത്ത്
സ്വന്തം ലേഖകന്‍ 15-11-2016 - Tuesday
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യില്‍ വിവാഹമോചനം നേടിയവരുടെ കൗദാശിക ജീവിതം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് കാണിച്ച് കര്‍ദിനാളുമാര്‍ രംഗത്ത്. ഇത് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചു സെപ്റ്റംബര്‍ 19-ാം തീയതി ഫ്രാന്‍സിസ് പാപ്പയ്ക്കു കര്‍ദിനാളുമാര്‍ കത്ത് അയച്ചിരിന്നു.
മാര്‍പാപ്പ ഇതേവരെ ഈ വിഷയത്തിൽ മറുപടി നല്‍കിയിട്ടില്ല. മാർപാപ്പയുടെ മൗനത്തെ, ഈ വിഷയത്തിൽ എല്ലാവർക്കും കൂടുതൽ ധ്യാനിക്കുവാനും ചർച്ച ചെയ്യുവാനുമുള്ള അവസരമായി കാണുന്നുവെന്നും അതിനാൽ കത്തിലെ വിഷയം ലോകമെമ്പാടുമുള്ള സഭയുടെ മുന്നില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വയ്ക്കുകയാണെന്ന് നാലു കര്‍ദിനാളുമാരും അറിയിച്ചു.
കര്‍ദിനാളുമാരായ റെയ്മണ്ട് ലിയോ ബുർക്ക്, ജർമൻകാരായ വാൾട്ടർ ബ്രാൻഡ്മുള്ളർ, ജോവാക്കിം മെസ്‌നർ, ഇറ്റലിക്കാരനായ കാർലോ കഫാര വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ എന്നിവരാണ് അമോരിസ് ലെത്തീസിയയിലെ ചില ഭാഗങ്ങളില്‍ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയത്.
മാര്‍പാപ്പ പുറപ്പെടുവിക്കുന്ന ഒരു രേഖയില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉള്ളപക്ഷം അതിനെ വിശദീകരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പാപ്പയ്ക്ക് കത്ത് നല്‍കുവാന്‍ കര്‍ദിനാളുമാര്‍ക്ക് അവകാശമുണ്ട്. ആഗോള സഭയെ നയിക്കുന്നതിനു മാര്‍പാപ്പയെ സഹായിക്കുവാന്‍ കാനോന്‍ നിയമം 349 നാലാം ഭാഗം പ്രകാരം കര്‍ദിനാളുമാര്‍ക്ക് അവസരം നല്‍കുന്നുമുണ്ട്.
വിവാഹമോചനം നേടിയവര്‍ക്കും, പങ്കാളിയില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുന്നവര്‍ക്കും സഭയില്‍ നിന്നും കൂദാശകള്‍ സ്വീകരിക്കുവാന്‍ നല്‍കുന്ന അവകാശത്തെ സംബന്ധിച്ചുള്ള സംശയമാണ് കര്‍ദിനാളുമാര്‍ പാപ്പയോട് കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച 'വെരിത്താസിസ് സ്‌പെളെന്‍ഡര്‍' എന്ന അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ സാത്താന്റെ പ്രലോഭനത്തിന് കീഴ്‌പ്പെട്ട് വിവാഹമെന്ന കൂദാശയുടെ പവിത്രതയെ മാനിക്കാത്തവര്‍ക്ക് സഭയില്‍ നിന്നുള്ള കൂദാശകള്‍ വിലക്കുവാന്‍ പറയുന്നുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പ്രബോധനത്തിന്റെ അടിസ്ഥാനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പഴയ ഉപദേശത്തെ ഇപ്പോഴും പാലിക്കേണ്ടതുണ്ടോ എന്നും കര്‍ദിനാളുമാര്‍ കത്തിലൂടെ സംശയമായി ചോദിക്കുന്നു. പരമ്പരാഗതമായി കത്തോലിക്ക സഭ അനുവര്‍ത്തിച്ചു വരുന്ന വിവാഹ സമ്പ്രദായത്തിലെ ചില നടപ്പുരീതികളില്‍ 'അമോരിസ് ലെത്തീസിയ' വ്യത്യാസം ആവശ്യപ്പെടുന്നുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് കര്‍ദിനാളുമാര്‍ പാപ്പയ്ക്ക് കത്ത് നല്‍കിയത്.