News - 2024
ജപ്പാനില്‍ ജസ്യൂട്ട് വൈദികര്‍ നേരിട്ട മതപീഡനങ്ങളുടെ കഥ പറയുന്ന 'സൈലന്‍സ്' വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കും
സ്വന്തം ലേഖകന്‍ 23-11-2016 - Wednesday
റോം: 17-ാം നൂറ്റാണ്ടില്‍ ജപ്പാനില്‍ സുവിശേഷ വേലയ്ക്ക് പോയ പോര്‍ച്ചുഗീസുകാരായ ജസ്യൂട്ട് വൈദികര്‍ നേരിടേണ്ടി വന്ന അക്രമങ്ങളുടെയും മതപീഡനങ്ങളുടെയും കഥ പറയുന്ന 'സൈലന്‍സ്' ഈ മാസം 29-ന് വത്തിക്കാനില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 23-ാം തീയതി യുഎസിലെ തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുവാനിരിക്കെയാണ് വത്തിക്കാനില്‍ പ്രത്യേക പ്രദര്‍ശനം നടത്തുന്നത്. ലോകപ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മാർട്ടിൻ സ്കോസെസിയാണ് 'സൈലന്‍സ്' സംവിധാനം ചെയ്തിരിക്കുന്നത്.
നൂറുകണക്കിന് ജസ്യൂട്ട് വൈദികര്‍ പ്രദര്‍ശനം കാണുവാനായി വത്തിക്കാനിലേക്ക് എത്തും. വത്തിക്കാനില്‍ നടക്കുന്ന സ്‌ക്രീനിംഗില്‍ താന്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ മാർട്ടിൻ സ്കോസെസി പറഞ്ഞിരുന്നു. എന്നാല്‍, ജസ്യൂട്ട് സഭാംഗമായ ഫ്രാന്‍സിസ് മാര്‍പാപ്പ ചടങ്ങില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഷുസാകൂ എന്‍ഡോ എന്ന എഴുത്തുകാരന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സൈലന്‍സിന്റെ തിരക്കഥ രൂപപ്പെടുത്തിയത്. ചിത്രത്തില്‍ ജസ്യൂട്ട് വൈദികരായി വേഷമിടുന്നത് ആദം ഡ്രൈവറും, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡുമാണ്. ജസ്യൂട്ട് വൈദികരുടെ ഗുരുവിന്റെ വേഷത്തില്‍ അഭിനയിക്കുന്നത് ലിയാം നീസണ്‍ ആണ്.
ക്രൈസ്തവ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന ചലച്ചിത്രങ്ങളെ വത്തിക്കാന്‍ എല്ലാ കാലത്തും പിന്‍തുണച്ചിട്ടുണ്ട്. മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത വിശ്വവിഖ്യാത ചലച്ചിത്രമായ 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' സ്വകാര്യമായി നടന്ന സ്‌ക്രീനിംഗില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കണ്ടിരുന്നു. 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവചരിത്രത്തെ പരാമര്‍ശിക്കുന്ന ചിത്രമായ 'കോള്‍ മീ ഫ്രാന്‍സിസ്‌കോ'യും വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പ്രദര്‍ശനം കാണുവാന്‍ റോമില്‍ നിന്നുള്ള പാവപ്പെട്ടവരേയും, വൈദികരേയും കന്യാസ്ത്രീകളേയുമാണ് ക്ഷണിച്ചിരുന്നത്.
ആഞ്ചലീന ജോളി സംവിധാനം ചെയ്ത 'അണ്‍ബ്രോക്കണ്‍' എന്ന ചലച്ചിത്രവും അടുത്തിടെ വത്തിക്കാനില്‍ സ്‌ക്രീനിംഗ് നടത്തിയിരുന്നു. ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം ആഞ്ചലീന ജോളി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ചയും നടത്തി.