News - 2024

ഗര്‍ഭഛിദ്രം ചെയ്തവര്‍ക്ക് പാപമോചനം നല്‍കുവാന്‍ വൈദികര്‍ക്ക് നല്‍കിയ പ്രത്യേക അനുവാദം തുടരും: കരുണയുടെ അടയ്ക്കാത്ത വാതിലുകളുമായി ഫ്രാന്‍സിസ് പാപ്പയുടെ പുതിയ അപ്പോസ്‌ത്തോലിക പ്രബോധനം

സ്വന്തം ലേഖകന്‍ 22-11-2016 - Tuesday

വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപനവേളയിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ അപ്പോസ്‌ത്തോലിക പ്രബോധനമായ 'മിസികോര്‍ഡിയ എറ്റ് മിസേറ' പുറത്തിറങ്ങി. ഗര്‍ഭഛിദ്രം ചെയ്തവര്‍ക്കു പാപമോചനം നല്‍കുവാന്‍ വൈദികര്‍ക്ക് കരുണയുടെ ജൂബിലി വര്‍ഷത്തിൽ നല്‍കിയ പ്രത്യേക അനുവാദം തുടരുമെന്ന് മാർപാപ്പ ഈ അപ്പോസ്‌ത്തോലിക പ്രബോധനത്തിലൂടെ വ്യക്തമാക്കുന്നു.

‘കരുണയുടെ പ്രേഷിതർ’ എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വൈദികര്‍ക്ക് നൽകിയ പ്രത്യേക പാപമോചന അധികാരവും, SSPX വൈദികർക്ക് (Priestly Fraternity of Saint Pius X) കുമ്പസാരം എന്ന കൂദാശ പരികർമ്മം ചെയ്യുന്നതിനുള്ള അധികാരവും തുടർന്നും ഉണ്ടായിരിക്കുമെന്നും പ്രബോധനം വ്യക്തമാക്കുന്നു. കാരുണ്യമെന്നത് ഇടമുറിയാതെ തുടരേണ്ട ഒന്നാണെന്നും, നമ്മുടെ സമൂഹത്തില്‍ അത് പ്രഘോഷിക്കപ്പെടണമെന്നും പാപ്പ തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

"കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഗര്‍ഭഛിദ്രം എന്ന പാപത്തിന് മോചനം നല്‍കുവാന്‍ വൈദികര്‍ക്ക് പ്രത്യേക അനുമതി നല്‍കിയിരിന്നു. ഗര്‍ഭഛിദ്രം ചെയ്തവര്‍ക്ക് പാപമോചനം നല്‍കുവാന്‍ വൈദികര്‍ക്കു നല്‍കിയ ഈ അനുമതി തുടരും. ഒരു കാര്യം ഈ സമയത്ത് ഞാന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ഗര്‍ഭഛിദ്രം എന്നതിനെ സഭ മാരകമായ പാപമായിട്ടാണ് കണക്കിലാക്കുന്നത്. ഒരു നിഷ്‌കളങ്ക ജീവനെ കൊലപ്പെടുത്തുകയെന്നത് കൊടുംപാപമാണ്. ഈ വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ, ദൈവത്തിന്റെ കാരുണ്യത്തിന് മായിച്ചു കളയുവാന്‍ പറ്റാത്ത ഒരു പാപവുമില്ലെന്നും നാം ഓര്‍ക്കുന്നു. ഹൃദയം തുറന്നുള്ള കുമ്പസാരവും, പശ്ചാത്താപവും വഴി ദൈവത്തില്‍ നിന്നും കൊടും പാപങ്ങള്‍ക്കു പോലും പാപമോചനം ലഭിക്കും". പാപ്പ വിശദീകരിച്ചു.

"വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയോട് ക്രിസ്തു കാണിച്ച കാരുണ്യമായിരുന്നു ജൂബിലി വര്‍ഷത്തിലെ നമ്മുടെ മുഖമുദ്ര. സഭയുടെ അടിസ്ഥാനം തന്നെ ഈ കാരുണ്യമാണ്. ഈ കാരുണ്യത്തിലൂടെയാണ് സഭ സുവിശേഷത്തിന്റെ യാഥാര്‍ത്ഥ വാഹകരാകുന്നത്". അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ ഫ്രാന്‍സിസ് പാപ്പ വിശദീകരിക്കുന്നു.

സഭയില്‍ കാരുണ്യം പ്രഘോഷിക്കപ്പെടുന്ന വിവിധ കൂദാശകളെ കുറിച്ചും ലേഖനത്തില്‍ പാപ്പ വിശദീകരിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയിലും, കുമ്പസാരത്തിലും, രോഗിലേപനത്തിലും, ദൈവ വചനത്തിലും ദൈവത്തിന്റെ കാരുണ്യം നിറഞ്ഞു നിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. കാരുണ്യം അനുഭവിക്കുന്നവര്‍, സ്‌നേഹത്താല്‍ നിറഞ്ഞ് ഇതേ കാരുണ്യ പ്രവര്‍ത്തികളുടെ ഉപകരണങ്ങളായി മാറണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. കാരുണ്യ വര്‍ഷത്തിന്റെ തുടര്‍ച്ചയായി ചില പ്രത്യേക പദ്ധതികളും പാപ്പ തന്റെ ലേഖനത്തിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.

വലിയ നോമ്പിന്റെ നാലാം ഞായറാഴ്ച 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കുമ്പസാരവും, ക്രിസ്തുരാജത്വ തിരുനാളിന് മുമ്പായി വരുന്ന ഞായറാഴ്ച പാവപ്പെട്ടവരുടെ ദിനമായി ആചരിക്കുവാനും, ദൈവവചനം കൂടുതലായി ലോകത്തെ അറിയിക്കുന്നതിനായി ഒരു ഞായറാഴ്ച പ്രത്യേകം നീക്കിവക്കുവാനും പാപ്പ ലേഖനത്തിലൂടെ നിര്‍ദേശിക്കുന്നു. ലേഖനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, ഗര്‍ഭഛിദ്രം ചെയ്തവര്‍ക്ക് പാപമോചനം നല്‍കുവാന്‍ വേണ്ടി നല്‍കിയ പ്രത്യേക അനുവാദം തുടര്‍ന്നും ഉണ്ടാകുമെന്ന മാര്‍പാപ്പയുടെ പ്രഖ്യാപനമാണ്.

ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ലയാണ് ' മിസികോര്‍ഡിയ എറ്റ് മിസേറ' യുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിനമായ ഞായറാഴ്ച നടന്ന വിശുദ്ധ ബലിക്ക് ശേഷം തന്റെ പുതിയ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചിരുന്നു.

കര്‍ദിനാളുമാര്‍, കോംഗോ- ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു വൈദികര്‍, മെക്‌സിക്കോ-ദക്ഷിണകൊറിയ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു കന്യാസ്ത്രീകള്‍, അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു തലമുറയിലെ അംഗങ്ങള്‍, വിവാഹ നിശ്ചയം കഴിഞ്ഞ രണ്ട് പേര്‍, മതാധ്യാപകരായ രണ്ടു അമ്മമാര്‍, വൈകല്യം ബാധിച്ച ഒരാള്‍, രോഗിയായ ഒരാള്‍ എന്നിവര്‍ക്കു തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തിന്റെ കോപ്പികള്‍ മാർപാപ്പ നേരിട്ടാണ് വിതരണം നടത്തിയത്.

More Archives >>

Page 1 of 107