News - 2024

വിവാഹത്തിന്റെ ദൈവിക നിയമങ്ങള്‍ മാറ്റിയെഴുതുവാൻ മാര്‍പാപ്പയ്ക്കു പോലും അധികാരമില്ല: കര്‍ദിനാള്‍ റോബര്‍ട്ട് സാറാ

സ്വന്തം ലേഖകന്‍ 22-11-2016 - Tuesday

വത്തിക്കാന്‍: വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങള്‍ തിരുത്തി എഴുതുവാന്‍ ആര്‍ക്കും അധികാരമില്ലന്ന് വത്തിക്കാന്‍ ദിവ്യാരാധന സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ. ഫ്രഞ്ച് കത്തോലിക്ക പ്രസിദ്ധീകരണമായ 'ലഹോമി നൗവിയ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തിന്റെ ദൈവികനിയമങ്ങളെ സംബന്ധിച്ചുള്ള തന്റെ പ്രതികരണം കര്‍ദിനാള്‍ വ്യക്തമാക്കിയത്. സിവിൾ നിയമപ്രാകാരം വിവാഹമോചനം നേടി പുനർവിവാഹം ചെയ്തവർക്ക് സഭയില്‍ നിന്നും കൂദാശകള്‍ സ്വീകരിക്കുന്നതിനുള്ള അനുമതി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുമോയെന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

"വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങള്‍ മാര്‍പാപ്പയ്ക്ക് പോലും മാറ്റുവാന്‍ സാധിക്കില്ല. വിവാഹത്തിന്റെ എല്ലാ സഭാ നിയമങ്ങളും ദൈവവചനത്തിൽ അധിഷ്ഠിതമാണ്. അതിനാൽ, ആര്‍ക്കും അതിനെ മാറ്റിമറിയ്ക്കുവാന്‍ സാധിക്കില്ല. മാരക പാപം നിലനില്‍ക്കുമ്പോള്‍ വിശുദ്ധ കുർബ്ബാന ആര്‍ക്കും സ്വീകരിക്കുവാന്‍ കഴിയില്ലെന്നതാണ് സഭയുടെ വിശ്വാസം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പ 2003-ല്‍ പുറത്തിറക്കിയ 'എക്ലേഷിയ ഡി യൂകാരിസ്റ്റിയ' എന്ന സഭാരേഖ ഈ നിയമത്തെ ഓര്‍മ്മിപ്പിക്കുന്നു". കര്‍ദിനാള്‍ സാറാ പറഞ്ഞു.

'ഗോഡ് ഓര്‍ നത്തിങ്' എന്ന തന്റെ പുതിയ പുസ്തകത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് വിവാഹ ബന്ധം വേര്‍പ്പെട്ടു കഴിയുന്നവരുടെ കൗദാശിക ജീവിതത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കര്‍ദിനാള്‍ സാറാ മറുപടി നല്‍കിയത്. വിവാഹത്തെ സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ കാഴ്ചപ്പാട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിവാഹത്തെ സംബന്ധിച്ചുള്ള പദ്ധതി പുനഃസ്ഥാപിക്കുന്നത് ക്രിസ്തുവാണെന്നും, വിവാഹത്തെ ഏകവും, വിശുദ്ധവുമായ ഒരു ബന്ധമായിട്ടാണ് അവിടുന്ന് സ്ഥാപിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ സാറാ പറഞ്ഞു. ഒരു കര്‍ദിനാള്‍ എന്ന നിലയില്‍ ലോകമെമ്പാടുമുള്ള സഭയുടെ കൂദാശകളെ വിശുദ്ധിയോടെ സൂക്ഷിക്കുവാന്‍ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Originally published on 19th November, 2015)

More Archives >>

Page 1 of 108