News - 2024

ഇസ്ലാം മതത്തിനു ഐഎസിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന വാദം തെറ്റ്: ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി

സ്വന്തം ലേഖകന്‍ 23-11-2016 - Wednesday

പാരീസ്: തീവ്രവാദത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയത്തെ യൂറോപ്യന്‍ ജനത ശരിയായി മനസിലാക്കിയെങ്കില്‍ മാത്രമേ ഫലപ്രദമായി അതിനെ നേരിടുവാന്‍ സാധിക്കുകയുള്ളൂവെന്ന് കാന്‍റര്‍ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. പാരീസിലെ കാത്തലിക് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ഡോക്ടറേറ്റ് ബിരുദം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. ഐഎസ് തീവ്രവാദികളുടെ നടപടികളില്‍ മുസ്ലീം മതത്തിന് ഒന്നും ചെയ്യാൻ കഴിയില്ല എന്നു വാദിക്കുന്നത് തെറ്റായ കാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് തുറന്നു പറഞ്ഞു.

"ഐഎസ് തീവ്രവാദികളുടെ നടപടികള്‍ തങ്ങളുടെ മതവുമായി ബന്ധപ്പെട്ട ഒന്നല്ലെന്നു പറയുന്ന ഇസ്ലാം മതപണ്ഡിതരുടെ നിലപാടുകള്‍ തികച്ചും തെറ്റാണ്. ഇന്ത്യയിൽ ഹൈന്ദവ തീവ്രവാദികള്‍ ക്രൈസ്തവരെ കടന്നാക്രമിക്കുന്നത് പതിവാണ്. ഹൈന്ദവ മതനേതാക്കള്‍ക്ക് ഈ വിഷയത്തില്‍ ഉത്തരവാദിത്വമുണ്ട്. ഒരു മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടതില്ലെന്നു സദാസമയം പറയുന്ന മതനേതാക്കള്‍ വ്യാജ പ്രസ്താവനയാണ് നടത്തുന്നത്".

"മതങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങളും, തീവ്രവാദ പ്രവര്‍ത്തനവും അവസാനിക്കണമെങ്കില്‍ മതനേതാക്കള്‍ തന്നെ പരസ്യമായി രംഗത്ത് വരണം. അതിലൂടെ മാത്രമേ മതത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ചിലരുടെ നടപടികള്‍ നിന്നും മോചിപ്പിക്കുവാന്‍ സാധിക്കുകയുള്ളു. തീവ്രവാദ വിഷയത്തില്‍ മതനേതാക്കളുടെ ഉറച്ച നിലപാടാണ് പുറത്തു വരേണ്ടത്. അല്ലാതെ പ്രശ്‌നത്തില്‍ നിന്നും കൈകഴുകി ഒഴിയുന്ന നിലപാടല്ല". ആര്‍ച്ച് ബിഷപ്പ് വെല്‍ബി പറഞ്ഞു.

ചിലരുടെ തെറ്റായ വിശ്വാസങ്ങള്‍ക്കു വേണ്ടി നടത്തുന്ന അക്രമങ്ങളെ തടയുവാന്‍ മതനേതാക്കള്‍ ശരിയായ മാര്‍ഗം അവര്‍ക്ക് ഉപദേശിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ആവശ്യപ്പെട്ടു. പാരീസിലും യുറോപ്പിന്റെ തന്നെ വിവിധ ഭാഗങ്ങളിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ സ്മരണ പുതുക്കുമ്പോള്‍ ഭയമാണ് തോന്നുന്നതെന്നും വെല്‍ബി കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ മേഖലയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും, രാഷ്ട്രീയ അസ്ഥിരതയ്ക്കും കാരണം ചില നേതാക്കന്‍മാരുടെ ധൂര്‍ത്തും, അഴിമതിയും, തെറ്റായ നയങ്ങളുമാണെന്നു ബിഷപ്പ് വെല്‍ബി തുറന്നടിച്ചു. ആരെയും തള്ളികളയാത്ത, എല്ലാവരേയും ചേര്‍ത്തു പിടിക്കുന്ന സാര്‍വത്രികമായി വളര്‍ച്ച നേടുന്ന ഒരു യൂറോപ്പ് എന്നതാണ് തന്റെ ആഗ്രഹമെന്നു വ്യക്തമാക്കിയ അദ്ദേഹം അത്തരമൊരു ഭാവിയിലേക്ക് യൂറോപ്പിന് വളരാന്‍ കഴിയണമെന്ന് നിർദ്ദേശിച്ചു.

More Archives >>

Page 1 of 108