News - 2024

തുര്‍ക്കിയില്‍ വ്യാജ ആരോപണം ഉന്നയിച്ച് സുവിശേഷ പ്രവര്‍ത്തകനെ ജയിലില്‍ അടച്ചു

സ്വന്തം ലേഖകന്‍ 03-01-2017 - Tuesday

അങ്കാര: അമേരിക്കന്‍ പൗരനായ സുവിശേഷപ്രഘോഷകനെ വ്യാജ തീവ്രവാദ ബന്ധം ആരോപിച്ച് തുര്‍ക്കി സര്‍ക്കാര്‍ ജയിലില്‍ അടച്ചു. വടക്കന്‍ കാലിഫോര്‍ണിയന്‍ സ്വദേശിയായ ആന്‍ഡ്രൂ ബ്രണ്‍സണ്‍ എന്ന സുവിശേഷപ്രവര്‍ത്തകനെയാണ് തുര്‍ക്കി ഗവണ്‍മെന്‍റ് ജയിലില്‍ അടച്ചിരിക്കുന്നത്. മോചനത്തിനായി അദ്ദേഹം സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളുകയും ചെയ്തതോടെ ആന്‍ഡ്രൂ ബ്രണ്‍സണിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് എന്ന സംഘടന വഴിയാണ് മോചനത്തിനായുള്ള അപേക്ഷ കോടതിയില്‍ ഫയല്‍ ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതാം തീയതിയാണ് ആന്‍ഡ്രൂ ബ്രണ്‍സണേയും, അദ്ദേഹത്തിന്റെ ഭാര്യ നൊറീനിയേയും തുര്‍ക്കി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷമായി തുര്‍ക്കിയില്‍ താമസിച്ച് സുവിശേഷ പ്രവര്‍ത്തനം നടത്തുന്നവരാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ തങ്ങളുടെ വീസാ പുതുക്കുന്നതിനായി ഇവര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ ഒരു കാരണവുമില്ലാതെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റീസ് അധികൃതര്‍ പറയുന്നു. 13 ദിവസങ്ങള്‍ക്ക് ശേഷം ആന്‍ഡ്രൂവിന്റെ ഭാര്യ നൊറീനയെ വിട്ടയച്ചു.

ഒരു സായുധ തീവ്രവാദ സംഘടനയില്‍ അംഗത്വമുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് ആന്‍ഡ്രൂ ബ്രണ്‍സണേയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. തുര്‍ക്കി സര്‍ക്കാര്‍ യാതൊരു തെളിവുമില്ലാതെ, തങ്ങള്‍ക്ക് ശത്രുതയുള്ളവരെ ഇത്തരം കേസുകളില്‍ കുടുക്കുന്നത് പതിവാണെന്ന് നിരീക്ഷകര്‍ പറയുന്നു. ആന്‍ഡ്രുവിനെതിരെ കോടതിയില്‍ ആരോപിച്ച കുറ്റത്തിന് ഒരു തെളിവും നല്‍കുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് ആന്‍ഡ്രുവിനെ കേസില്‍ കുടുക്കിയതെന്ന കാര്യം ഇതില്‍ നിന്നു തന്നെ വ്യക്തമാണെന്ന്‍ മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.

അമേരിക്കന്‍ പൗരനായ ആന്‍ഡ്രൂവിന്റെ മോചന കാര്യത്തില്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തുവാനുള്ള നീക്കങ്ങളാണ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റിസിന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ നടത്തുന്നത്. ആന്‍ഡ്രൂവിന്റെ മോചനം അവശ്യപ്പെട്ടുള്ള ഹര്‍ജി കീഴ്കോടതി തള്ളിയ സാഹചര്യത്തില്‍, മേല്‍കോടതിയില്‍ അവര്‍ അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ട്. അതേ സമയം ആന്‍ഡ്രുവിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ ഹര്‍ജിയില്‍ 1,43,500-ല്‍ അധികം പേര്‍ ഇതിനോടകം ഒപ്പുരേഖപ്പെടുത്തിയിട്ടുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 123