News
ബ്രിട്ടനിൽ ചരിത്രമെഴുതിക്കൊണ്ട് കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും
സ്വന്തം ലേഖകൻ 11-02-2016 - Thursday
ലണ്ടനിലെ ആംഗ്ലിക്കൻ സഭയുടെ ഹാംപ്ടൺ കോർട്ടിൽ നവോത്ഥാന കാലഘട്ടത്തിനു ശേഷം ആദ്യമായി ഒരു കത്തോലിക്കാ ശുശ്രൂഷ നടത്തിക്കൊണ്ട് കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും ചരിത്രമെഴുതി.
ഫെബ്രുവരി 9-ാം തിയതി ചൊവ്വാഴ്ച്ച ഹാംപ്ടൺ കോർട്ടിലെ ചാപ്പൽ റോയലിൽ കത്തോലിക്കാ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് സന്ധ്യാപ്രാർത്ഥന നടത്തി.
450 വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് ഇവിടെ ഒരു കത്തോലിക്കാ കർദ്ദിനാൾ, ശുശ്രൂഷ നടത്തുന്നത്. ക്വീൻ മേരി I -ന്റെ കാലം മുതൽ ഇവിടെ ഒരു കത്തോലിക്കാ ശുശ്രൂഷകളും നടന്നിട്ടില്ല. ലണ്ടനിലെ ആംഗ്ലിക്കൻ മെത്രാൻ റിച്ചാർഡ് ചാർട്സും, ഹോം സെക്രട്ടറി തെരേസ മേയും സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുത്തു.
സന്ധ്യാപ്രാർത്ഥനയ്ക്കു മുമ്പ് കർദ്ദിനാൾ വിൻസെന്റും മെത്രാൻ ചാർട്ട്സും തമ്മിൽ 'വിശ്വാസവും രാജഭരണവും' എന്ന വിഷയത്തെപറ്റി അനൗപചാരിക ചർച്ചകൾ നടന്നു. നൂറ്റാണ്ടുകളിലെ അഭ്യന്തര യുദ്ധം, മതതീവ്രവാദം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു.
ആംഗ്ലിക്കൻ- കത്തോലിക്കാ സഭകളുടെ വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, മനുഷ്യവംശത്തിന്റെ പൊതു പ്രശ്നങ്ങളിലാണ് തങ്ങൾ ശ്രദ്ധിച്ചത് എന്ന് ബിഷപ്പ് ചാർട്ട്സ് അറിയിച്ചു.
"വീട്ടിലേക്ക് സ്വാഗതം" എന്നു പറഞ്ഞാണ് ആംഗ്ലിക്കൻ മെത്രാൻ കത്തോലിക്കാ കർദ്ദിനാളിനെ സ്വീകരിച്ചത്! ആ അഭിവാദനത്തിന് കാരണമായ ചരിത്രം ഇതാണ്:
1514-ൽ കത്തോലിക്കാ കർദ്ദിനാൾ തോമസ് വോൽസിയാണ്, ഹെന്റി രാജാവ് അനുവദിച്ചു കൊടുത്ത സ്ഥലത്ത് ഹാംപ്ടൺ കോർട്ട് നിർമ്മിച്ചത്. കത്തോലിക്കാ സഭയും രാജഭരണവും ഒരുമിച്ചു നിന്നിരുന്ന കാലഘട്ടമായിരുന്നു അത്.
പക്ഷേ, പിന്നീട് ഹെന്റി രാജാവിന് തന്റെ സഹധർമ്മിണിയായ കാതറീനെ ഉപേക്ഷിച്ച്, ആനി ബോയിലിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായി. കർദ്ദിനാളിന്റെ സഹായത്തോടെ മാർപാപ്പയിൽ നിന്നും വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും വത്തിക്കാൻ അതിന് അനുവാദം നൽകിയില്ല. അതോടെ ഹെന്റി രാജാവിന് മാർപാപ്പയും കർദ്ദിനാളും ശത്രുക്കളായി. കർദ്ദിനാളിനെ പുറത്താക്കിയ രാജാവ് ഹാംപ്ടൺ പാലസ് പിടിച്ചെടുത്തു.
റോമുമായുളള ബന്ധം അവസാനിപ്പിച്ചതിനു ശേഷം രാജാവ് ആറ് തവണ വിവാഹം കഴിച്ചു. രണ്ടു ഭാര്യമാരെ അദ്ദേഹം വിവാഹമോചനം ചെയ്തു. മറ്റു രണ്ടു പേരെ ശിരച്ഛേദം ചെയ്തു. അഞ്ചാമത്തെ ഭാര്യ ജെയ്ൻ സെയ്മോർ പ്രസവ സമയത്ത് മരിച്ചു.ആറാമത്തെ ഭാര്യ കാത്റിൻ പാർ രാജാവിന്റെ മരണശേഷവും ജീവിച്ചിരുന്നു. ഈ തിന്മയുടെ അനന്തര ഫലങ്ങൾ രാജകുടുംബത്തെ എന്നും വേട്ടയാടിയിരുന്നു.