News - 2025

"നാം സഹോദരർ" റഷ്യന്‍ പാത്രിയാർക്കിസ് കിറിലിനോട് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 14-02-2016 - Sunday

ആയിരം വർഷങ്ങൾക്കു മുമ്പ് റോമുമായി വഴിപിരിഞ്ഞ പൗരസ്ത്യ സഭയുടെ ഇപ്പോഴത്തെ തലവൻ റഷ്യയിലെ പാത്രിയാർക്കിസ് കിറിലും, ആഗോള തിരുസഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ക്യൂബയിലെ ഹവാനയിൽ ഒത്തുകൂടി.

രണ്ടു പതിറ്റാണ്ടുകളായി തുടരുന്ന വത്തിക്കാന്റെ പരിശ്രമങ്ങളും കഴിഞ്ഞ കുറെ മാസങ്ങളായുള്ള ചർച്ചകളുമാണ്, ഫ്രാൻസിസ് മാർപാപ്പയുടെ മെക്സിക്കൻ സന്ദർശന പരിപാടിയിൽ, ക്യൂബയിലെ ഹവാനയിൽ ഇറങ്ങി അവിടെ സന്ദർശനം നടത്താനെത്തിയ റഷ്യൻ പാത്രിയർക്കീസിനെ സന്ധിക്കാൻ അവസരമൊരുക്കിയത്.

ഹവാനയിലെ റഷ്യൻ ഓർത്തോഡക്സ് സമൂഹത്തെ സന്ദർശിക്കാനായാണ് പാത്രിയാർക്കീസ് അവിടെയെത്തിയത്. ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ ആതിഥേയത്വം വഹിച്ച കൂടിക്കാഴ്ച്ച ക്രൈസ്തവ സമൂഹങ്ങൾക്ക് വലിയൊരു ഉത്തേജനമാണ് നൽകുന്നത്.

ക്രൈസ്തവ സമൂഹങ്ങളുടെ യോജിപ്പിനു വേണ്ടി മാർപാപ്പ നടത്തി വരുന്ന പരിശ്രമങ്ങളുടെ തുടർച്ചയാണ് റഷ്യൻ പാത്രിയാർക്കീസുമായുള്ള ഈ കൂടികാഴ്ച്ച എന്ന് വിലയിരുത്തപ്പെടുന്നു.

ആഗോള തിരുസഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ, റഷ്യൻ ഓർത്തോഡക്സ് സഭയുടെ തലവനെ അങ്ങോട്ടു ചെന്ന് കണ്ടത്, പിതാവ് എന്നും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന എളിമയുടെ വലിയൊരു പ്രഖ്യാപനമാണെന്ന്, ഉക്രൈനിലെ കത്തോലിക്കാ മെത്രാൻ ബോറീസ് ഗുഡ്സിയാക് അഭിപ്രായപ്പെട്ടു. (അസ്തമിച്ച റഷ്യൻ സാമ്രാജ്യത്തിന്റെ ഒരു ഔട്ട് പോസ്റ്റായിരുന്നു ക്യൂബ എന്ന് ഓർമ്മിക്കുക.)

ഉക്രൈയിനിലും റഷ്യയിലുമുള്ള കത്തോലിക്കരുടെ പ്രവർത്തനങ്ങളോട് അപ്രീതി പുലർത്തുന്ന റഷ്യൻ ഓർത്തോഡ്ക്സ് സഭ, ആ കാരണത്താൽ തന്നെ, വത്തിക്കാനുമായി സഹവർത്തിത്വത്തിന് കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി വിസമ്മതിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും .മദ്ധ്യപൗരസ്ത്യ ദേശത്തെ ക്രൈസ്തവ പീഠനങ്ങൾ എല്ലാ ക്രൈസ്തവ സമൂഹങ്ങളേയും ബാധിക്കുന്നതു കൊണ്ട്, മറ്റു പ്രശ്നങ്ങൾ മാറ്റിവച്ചു കൊണ്ടുള്ള ഒരു പ്രവർത്തന ശൈലി ആവശ്യമാണെന്ന് റഷ്യൻ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു.

സിറിയയിലും ഇറാക്കിലും നടക്കുന്ന ക്രൈസ്തവരുടെയും മറ്റു മതന്യൂനപക്ഷങ്ങളുടെയും വംശഹത്യയ്ക്കെതിരെ, മാർപാപ്പ നടത്തുന്ന ആഗോള പ്രചാരണം റഷ്യൻ പാത്രിയാർക്കേറ്റിന്റെ മനസ്സു മാറ്റത്തിന് കാരണമാണെന്ന് കരുതപ്പെടുന്നു.

രക്തത്തിലൂടെയുള്ള ക്രൈസ്തവ യോജിപ്പി'നെ പറ്റി പിതാവ് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. ക്രൈസ്തവ സഭകളുടെ വ്യത്യാസങ്ങളൊന്നുമില്ലാതെ, മദ്ധ്യപൂർവ്വ ദേശത്തെ എല്ലാ ക്രൈസ്തവരും ഒരേ പോലെ വംശഹത്യയ്ക്കിരയാക്കപ്പെടുന്നു. ഇതാണ് പിതാവ് അർത്ഥമാക്കുന്ന 'രക്തത്തിലൂടെയുള്ള ക്രൈസ്തവ സമന്വയം' . വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിക്കുന്ന ഈ ക്രൈസ്തവർ, സഭാ ഭേദമില്ലാതെ ക്രൈസ്തവ രക്തസാക്ഷികളുടെ ഗണത്തിൽ പെടുകയാണെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്.

(Source: Catholic Herald)

More Archives >>

Page 1 of 24