India - 2025
കെ.എം മാണിയുടെ വിയോഗത്തില്‍ അനുശോചനവുമായി സഭാനേതൃത്വം
സ്വന്തം ലേഖകന്‍ 10-04-2019 - Wednesday
കൊച്ചി: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ വിയോഗത്തില്‍ അനുശോചനവുമായി സഭാനേതൃത്വം. കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതങ്ങളെ തൊട്ടറിഞ്ഞ സമുന്നതനായ രാഷ്ട്രീയ നേതാവായിരുന്നു കെ.എം. മാണിയെന്നു കെസിബിസി അനുശോചന സന്ദേശത്തില്‍ കുറിച്ചു. അദ്ദേഹത്തിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിനു വലിയ നഷ്ടമാണ്. കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങളെ ആഴത്തില്‍ മനസിലാക്കി രാഷ്ട്രീയ നയപരിപാടികളിലൂടെയും സാന്പത്തിക നടപടികളിലൂടെയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം യത്‌നിച്ചുവെന്നും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സന്ദേശത്തില്‍ പറഞ്ഞു.
കേരള ജനതയ്ക്കും ക്രൈസ്തവ സഭകള്‍ക്കും എക്കാലവും അഭിമതനും എല്ലാവരുടെയും അഭ്യുദയകാംക്ഷിയുമായിരുന്നു അന്തരിച്ച കെ.എം. മാണിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായും സ്തുത്യര്‍ഹമായ രാജ്യസേവനം ചെയ്ത നേതാവാണു കെ.എം.മാണി. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനം നേതൃത്വ വൈഭവം ഇതരപാര്‍ട്ടികള്‍ക്കും പ്രയോജനപ്പെട്ടിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
കെ.എം മാണിയുടെ വിയോഗവാര്‍ത്ത വളരെ ദു:ഖത്തോടു കൂടിയാണു ശ്രവിച്ചതെന്നു മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭവനത്തില്‍ പോയി കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും കുടുംബാംഗങ്ങളോട് ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയുന്നതിനു സാധിച്ചു എന്നുളളതു കൃതാര്‍ഥതയോടെ ഓര്‍ക്കുന്നുവെന്ന്‍ കര്‍ദ്ദിനാള്‍ സ്മരിച്ചു.
കെ.എം.മാണിയുടെ നിര്യാണത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുശോചിച്ചു. രാഷ്ട്രീയത്തിനുപരിയായ വ്യക്തിപ്രാഭവത്തിന്റെ ഉടമയായിരുന്നു കെ.എം. മാണി. എല്ലാ രാഷ്ട്രീയ മതസാമുദായിക സാമൂഹ്യ നേതാക്കളുമായും അടുത്ത ബന്ധം പുലര്ത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ധനകാര്യ മന്ത്രിയെന്ന നിലയില്‍ പല നല്ല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നും മാര്‍ പവ്വത്തില്‍ അനുസ്മരിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയും മാണിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. അവതരിപ്പിച്ച ബജറ്റുകളിലെല്ലാം കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. വെളിച്ച വിപ്ലവം, കുടിയേറ്റ മേഖലയില്‍ പട്ടയം, വിവിധ ക്ഷേമ പെന്‍ഷനുകള്‍, കാരുണ്യ പദ്ധതി തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനായി. ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും സഭാസ്‌നേഹി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ലെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.