News - 2025
'ഊര്‍ബി ഏത്ത് ഓര്‍ബി': ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം
സ്വന്തം ലേഖകന്‍ 21-04-2019 - Sunday
വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ പുനരുത്ഥാനത്തിന്റെ സ്മരണ ലോകം ഇന്നു കൊണ്ടാടുമ്പോള്‍ പൂര്‍ണ്ണ ദണ്ഡ വിമോചനം പ്രാപിക്കുവാന്‍ വിശ്വാസികള്‍ക്ക് അവസരം. ഇന്നു പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയുടെ അവസാനം, പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം 3.30) റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷമുള്ള അപ്പസ്തോലികാശീര്‍വ്വാദം സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കാണ് പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കുക.
ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. പാപ്പയുടെ സന്ദേശത്തിന്റെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ റേഡിയോയിലും ശാലോം വേള്‍ഡ് ചാനലിലും ലഭ്യമാണ്.
