News - 2025
ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് തിരിച്ചടി നല്‍കാന്‍ ട്രംപ് ഭരണകൂടം
സ്വന്തം ലേഖകന്‍ 03-05-2019 - Friday
വാഷിംഗ്ടണ്‍ ഡിസി: ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിനെ (ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍) നിരോധിത വിദേശ തീവ്രവാദി സംഘടനകളുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇത് അന്താരാഷ്ട്രതലത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് വലിയ തിരിച്ചടിയാകും. തീവ്ര ഇസ്ലാമിക നിലപാടുകളുള്ള മുസ്ലിം ബ്രദർഹുഡിനെ 2013ൽ ബ്രദർഹുഡിന്റെ അംഗമായ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനുശേഷം ഈജിപ്ത് നിരോധിച്ചിരുന്നു.
ദേശീയ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കന്മാരുമായും ഡൊണാൾഡ് ട്രംപ് സംഘടനയെ നിരോധിക്കുന്നതിനെ കുറിച്ച് സംസാരിച്ചെന്നും ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു. മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ചാൽ, സംഘടനയുമായി ബന്ധമുള്ളവരുടെ മേൽ വലിയ നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിനു സാധിക്കും.
മൂന്നാഴ്ച മുമ്പ് ഇപ്പോഴത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസി വൈറ്റ് ഹൗസിലെത്തി ഡൊണാൾഡ് ട്രംപിനെ സന്ദര്‍ശിച്ചിരിന്നു. രാജ്യത്തെ തീവ്ര ഇസ്ലാമിക സംഘടനകളെ തുടച്ചു നീക്കുന്നതിൽ വലിയ മുന്നേറ്റമാണ് അൽ സിസി നടത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏഴ് രാജ്യങ്ങൾ ഇതുവരെ മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ചിട്ടുണ്ട്. ഈജിപ്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക അടിച്ചമര്‍ത്തല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ളാമിക സംഘടനയാണ് മുസ്‌ലിം ബ്രദർഹുഡ്. ഇവര്‍ക്ക് കടിഞ്ഞാണിടുവാന്‍ അമേരിക്ക ശ്രമിക്കുന്നതോടെ ക്രൈസ്തവ അടിച്ചമര്‍ത്തലില്‍ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
