News - 2025

ഈശോയെ ചേര്‍ത്തു പിടിച്ച് വാഷിംഗ്‌ടണിലെ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍ 04-05-2019 - Saturday

വാഷിംഗ്‌ടണ്‍ ഡി സി: ദൈവവിളി പ്രോത്സാഹനത്തോടനുബന്ധിച്ച് വാഷിംഗ്‌ടണ്‍ അതിരൂപതയില്‍ നടത്തിയ കുട്ടികളുടെ കൂട്ടായ്മ സത്യ വിശ്വാസത്തിന്റെ പ്രഘോഷണമായി മാറി. നാഷ്ണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബസലിക്കയില്‍ നടന്ന ബലിയര്‍പ്പണത്തില്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ ഏറെ വിശ്വാസ തീക്ഷ്ണതയോടെയാണ് പങ്കുചേര്‍ന്നത്. ദൈവവിളി പ്രോത്സാഹന ബലിയര്‍പ്പണം തങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്നു പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതിരൂപതയുടെ പ്രീസ്റ്റ് വൊക്കേഷന്‍ ഡയറക്ടറായ ഫാ. മാര്‍ക്ക് ഇവാനിയാണ് വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്.

നമ്മളെപ്രതിയുള്ള ദൈവഹിതം മനസ്സിലാക്കുവാന്‍ നാം ദൈവത്തിന് നേര്‍ക്ക് തുറന്നവരായിരിക്കണമെന്നും, നമ്മുടെ പദ്ധതികളെക്കാളും വലുതാണ്‌ ദൈവത്തിന്റെ പദ്ധതിയെന്നും വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ഫാ. ഇവാനി പറഞ്ഞു. നമ്മളെ ഓരോരുത്തരേയും ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവം നിങ്ങള്‍ക്കായി കരുതിവെച്ചിരിക്കുന്നത് കണ്ടെത്തിയാല്‍ മുന്‍പ് ഒരിക്കലും അനുഭവിക്കാത്ത സന്തോഷം അനുഭവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. തങ്ങളുടെ ദൈവവിളി സ്വീകരിക്കുന്നതിനായി എല്ലാം ഉപേക്ഷിച്ച മുന്‍ ഒളിമ്പ്യന്‍മാരെയും, കായിക താരങ്ങളേയും, അഭിഭാഷകരേയും, പോലീസ് ഓഫീസര്‍മാരേയും തനിക്കറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ ഡൊമിനിക്കന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അന്നാ റൈ തന്റെ ദൈവവിളി അനുഭവത്തെക്കുറിച്ചുള്ള സാക്ഷ്യം നല്‍കി.


Related Articles »