News - 2025
ഫാ. ജിസിന്റെ ഭാവി ജീവിതം ക്രിസ്തുവിനെ ചേര്‍ത്തുപിടിച്ച് ഇനി സൈനികവേഷത്തില്‍
സ്വന്തം ലേഖകന്‍ 06-05-2019 - Monday
കൊച്ചി: നിത്യപുരോഹിതനായ ഈശോയുടെ പ്രതിപുരുഷനായി തിരുവസ്ത്രങ്ങളണിഞ്ഞു അള്‍ത്താരകളില്‍ ബലിയര്‍പ്പിച്ച ഫാ. ജിസിന്റെ ഭാവി ജീവിതം, ഇനി രാജ്യസേവനത്തിന്റെ സൈനികവേഷത്തില്‍. പൗരോഹിത്യശുശ്രൂഷയ്‌ക്കൊപ്പം ഇന്ത്യന്‍ കരസേനയില്‍ അംഗമായതിന്‍റെ സന്തോഷത്തിലാണ്, സിഎസ്ടി സന്യസ്ത സമൂഹത്തിന്റെ ആലുവ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗമായ ഫാ. ജിസ് ജോസ് കിഴക്കേല്‍ കോതമംഗലം. സൈന്യത്തിലെ റിലീജിയസ് ടീച്ചര്‍ എന്ന ദൗത്യമാണ് ഫാ. ജിസ് ഇനി നിര്‍വഹിക്കുക. 15 വര്‍ഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളില്‍ അദ്ദേഹം സേവനം ചെയ്യും.
2015 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ച ഫാ. ജിസ് ആര്‍മിയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളോടും സിഎസ്ടി സുപ്പീരിയറിന്റെ അനുമതിയോടും കൂടിയാണു സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്. തുടര്‍ന്നു കരസേനയില്‍ നായിബ് സുബേദാര്‍ (ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍) തസ്തികയിലാണു സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി പൂന നാഷണല്‍ ഇന്റഗ്രേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്.
രോഗീസന്ദര്‍ശനം നടത്തുക, സേനാംഗങ്ങള്‍ക്കു ധാര്‍മികവും ആത്മീയവുമായ ഊര്‍ജം പകരുക, വിശ്വാസപരമായ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേതൃത്വം നല്‍കുക, മതസൗഹാര്‍ദം വളര്‍ത്തുക, സ്ട്രസ് മാനേജ്‌മെന്റ്, കൗണ്‍സലിംഗ്, എന്നിവയെല്ലാം ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ദിവസവും ദിവ്യബലിയര്‍പ്പിക്കാനും വിശ്വാസ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഈ പദവിയില്‍ ഫാ. ജിസിന് അവസരമുണ്ടെന്നതും ശ്രദ്ധേയമാണ്.
കോതമംഗലം രൂപതയിലെ കല്ലൂര്‍ക്കാട് ഇടവകയിലെ പരേതനായ ജോസ് വര്‍ഗീസും വല്‍സ ജോസിന്റെയും മകനാണ് ഫാ. ജിസ് കിഴക്കേല്‍. വൈദികവൃത്തിയില്‍ നിന്നുകൊണ്ടുതന്നെ രാജ്യത്തിനായി സേവനം ചെയ്യണമെന്നതു ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നുവെന്നു അദ്ദേഹം പ്രതികരിച്ചു. അപൂര്‍വ്വവും ശ്രദ്ധേയവുമായ ദൌത്യമേറ്റെടുത്ത ഫാ. ജിസിനെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫോണിലൂടെ അനുമോദനം അറിയിച്ചിട്ടുണ്ട്. വൈദികനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയായിലും അഭിനന്ദന പ്രവാഹമാണ്.
