News - 2025
പാപ്പയില്‍ നിന്ന് പ്രഥമ ദിവ്യകാരുണ്യം: ബള്‍ഗേറിയന്‍ കുഞ്ഞുങ്ങള്‍ക്ക് ഇത് സുവര്‍ണ്ണ നിമിഷം
സ്വന്തം ലേഖകന്‍ 07-05-2019 - Tuesday
സോഫിയ: ബള്‍ഗേറിയന്‍ സന്ദര്‍ശനത്തിനിടെ ഇരുന്നൂറ്റിനാല്‍പ്പത്തിയഞ്ചോളം കുരുന്നുകള്‍ക്ക് പ്രഥമ ദിവ്യകാരുണ്യം നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ രകോവ്സ്കി തിരുഹൃദയ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് കുഞ്ഞുങ്ങള്‍ ഈശോയേ ആദ്യമായി നാവില്‍ സ്വീകരിച്ചത്. യേശു നമ്മോടൊപ്പം ജീവിക്കുന്നുണ്ടെന്നും അതാണ് ദിവ്യകാരുണ്യത്തില്‍ നാം കണ്ടെത്തുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നഗ്നനേത്രങ്ങള്‍ കൊണ്ട് നമ്മുക്ക് അത് കാണാന്‍ കഴിയില്ലെങ്കിലും വിശ്വാസത്തിന്റെ നേത്രങ്ങള്‍ കൊണ്ട് ദിവ്യകാരുണ്യത്തെ നോക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരാണോ എന്ന ചോദ്യത്തിന് ഏറെ ആഹ്ലാദത്തോടെയാണ് കുട്ടികള്‍ മറുപടി നല്‍കിയത്. ദേവാലയത്തിനുള്ളില്‍ അഞ്ഞൂറോളം വിശ്വാസികളും ദേവാലയത്തിന് പുറത്തു പതിനായിരത്തോളം വിശ്വാസികളും തടിച്ചുകൂടിയിട്ടുണ്ടായിരിന്നു. ദിവ്യകാരുണ്യ സ്വീകരണത്തിന് കുഞ്ഞുങ്ങളെ ഒരുക്കിയ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പാപ്പ അഭിനന്ദിച്ചു. ഫ്രാന്‍സിസ് പാപ്പ മാര്‍പാപ്പയായി അവരോധിതനായതിന് ശേഷം ഇതാദ്യമായാണ് അപ്പസ്തോലിക യാത്രയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് കാര്‍മ്മികത്വം വഹിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ കുറിച്ചു.
