News - 2024

ചൈനീസ് മെത്രാന്‍ തടങ്കലിലായിട്ട് 23 വര്‍ഷം: ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ വിശ്വാസി സമൂഹം

സ്വന്തം ലേഖകന്‍ 08-05-2019 - Wednesday

ഹോങ്കോങ്ങ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തിയായ പാട്രിയോട്ടിക് സഭയില്‍ ചേരുവാന്‍ വിസമ്മതിച്ചതിനു ഇരുപത്തിമൂന്നു വര്‍ഷമായി തടവിലുള്ള മെത്രാന്റെ നിലവിലെ അവസ്ഥ അജ്ഞാതം. 87കാരനായ ബിഷപ്പ് ജെയിംസ് സു സമീനെ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനന്തരവനായ സു ടിനിയൗവ്വാണ് രംഗത്തു എത്തിയിരിക്കുന്നത്. ചൈനയിലെ ഹെബേയി പ്രവിശ്യയിലെ ബവോഡിങ്ങിലെ വത്തിക്കാനെ അംഗീകരിക്കുന്ന ഭൂഗര്‍ഭ സഭയുടെ മെത്രാനായിരുന്നു സു സമീന്‍. 1996-ല്‍ അറസ്റ്റിലായ ഇദ്ദേഹത്തെ 2003-ലാണ് അവസാനമായി കണ്ടത്. ബിഷപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നതിന് യാതോരു ഉറപ്പുമില്ലെന്നാണ് അദ്ദേഹത്തിന്റെ അനന്തരവന്‍ പറയുന്നത്.

1997-ല്‍ തടവില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തെ 2003-ല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ബവോഡിങ്ങിലെ ആശുപത്രിയില്‍ വെച്ച് കണ്ടതിനു ശേഷം പിന്നെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. കുറഞ്ഞത് 5 പ്രാവശ്യത്തോളം അറസ്റ്റ് ചെയ്യപ്പെടുകയും പല സമയങ്ങളിലായി 40 വര്‍ഷത്തോളം തടങ്കലില്‍ കഴിയുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയായിരിന്നു ബിഷപ്പ് സു സമീന്‍. മെത്രാനെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി 2015-ല്‍ ചൈന-വത്തിക്കാന്‍ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്ന റിലീജിയസ് അഫയേഴ്സ് ഉദ്യോഗസ്ഥനായ ഗുവോ വെയ്യെ കണ്ടുവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗമിക്കുന്നത് വരെ കാത്തിരിക്കുവാനാണ് അദ്ദേഹം പറഞ്ഞതെന്ന് ടിനിയൗവ്വ് പറയുന്നു.

ചൈനയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ചും കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുപക്ഷവും ധാരണയായിട്ടും സു സമീനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും, കൂടുതല്‍ വൈദികര്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നു അറസ്റ്റിലായികൊണ്ടിരിക്കുകയാണെന്നും ടിനിയൗവ്വ് ചൂണ്ടിക്കാട്ടി. ഹോങ്കോങ്ങിലെ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മീഷന്‍ നിരവധി തവണ മെത്രാന്‍ സു സമീനെ മോചിപ്പിക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. അതേസമയം ചൈന-വത്തിക്കാന്‍ ധാരണയെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് ഓരോദിവസവും ചൈനയില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.


Related Articles »