Life In Christ - 2025

മതപീഡനത്തിന് ദൈവസ്നേഹത്തെ അകറ്റാന്‍ കഴിയില്ല: കന്ധമാലിലെ സന്യസ്ഥ സഹോദരങ്ങള്‍

സ്വന്തം ലേഖകന്‍ 09-05-2019 - Thursday

ഭൂവനേശ്വര്‍: ഒഡീഷയിലെ കന്ധമാലില്‍ തീവ്രഹിന്ദുത്വവാദികള്‍ അഴിച്ചുവിട്ട കലാപത്തെ അതിജീവിച്ചു സന്യസ്ഥരായ ഇരട്ടസഹോദരങ്ങളുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പീഡനങ്ങള്‍ ദൈവീക പദ്ധതികളെ കണ്ടെത്തുവാന്‍ തങ്ങളെ സഹായിച്ചുവെന്നും മതപീഡനങ്ങള്‍ക്കോ ജീവനു നേരെയുള്ള ഭീഷണികള്‍ക്കോ ദൈവത്തോടുള്ള സ്‌നേഹത്തില്‍ നിന്ന് അകറ്റുവാന്‍ കഴിയില്ലായെന്നും ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ മഞ്ജുതയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ നര്‍മോദയും തുറന്ന്‍ സമ്മതിക്കുന്നു.

സിസ്റ്റര്‍ മഞ്ജുത ഇക്കഴിഞ്ഞ ഏപ്രില്‍ 27നാണ് നിത്യവ്രതവാഗ്ദാനം നടത്തിയത്. സഹോദരി നര്‍മോദ രണ്ട് വര്‍ഷം മുന്‍പ് തന്നെ ദൈവീക വേലയ്ക്കായി ഇറങ്ങി തിരിച്ചു ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയില്‍ ചേര്‍ന്നിരിന്നു. സഹോദരങ്ങളെ ദൈവീക ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്ത ദൈവത്തിന് നന്ദിപറഞ്ഞു കൊണ്ട് മെയ് നാലാം തീയതി കാണ്ഡമാലിലെ ഔര്‍ ലേഡി ഓഫ് ചാരിറ്റി ദേവാലയത്തില്‍ നടന്ന കൃതജ്ഞത ബലിക്ക് ശേഷമായിരിന്നു ഇരുവരുടെയും പ്രതികരണം. സിസ്റ്റര്‍ മഞ്ജുത ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് സ്വാമി ലക്ഷ്മണാനന്ദയുടെ മരണത്തെ തുടര്‍ന്നു ഹിന്ദുത്വവാദികള്‍ കന്ധമാലില്‍ കലാപം അഴിച്ചുവിടുന്നത്.

കലാപത്തിന്റെ സമയങ്ങളില്‍ ദിവസങ്ങളോളം ഇവര്‍ ഹിന്ദുക്കളെ ഭയന്ന് കാട്ടില്‍ ഒളിച്ചിരിക്കുകയിരുന്നു. ഹൈന്ദവ വിശ്വാസത്തിലേക്ക് തിരിയാന്‍ കടുത്ത സമ്മര്‍ദ്ധം നേരിട്ടപ്പോഴും അതിനെയെല്ലാം അതിജീവിച്ച് ക്രിസ്തുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരിന്നു ഈ കുടുംബം. 'പാറമേല്‍ പണിത ഗ്രാമം' എന്നര്‍ത്ഥമുള്ള ബഡിംഗ്നജൂ ഗ്രാമത്തില്‍ നിന്നുള്ള സന്യസ്ഥ സഹോദരങ്ങള്‍ ഗ്രാമത്തിന്റെ പേരുപ്പോലെ തന്നെ വിശ്വാസത്തിന്റെ പാറയില്‍ ജീവിക്കുന്നവരാണെന്ന് കൃതജ്ഞത ബലിയര്‍പ്പണത്തിനു മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. ഫ്രാന്‍സിസ് കന്‍ഹര്‍ പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട സന്യസ്ഥര്‍ക്ക് വേണ്ടി അര്‍പ്പിച്ച ബലിയില്‍ രണ്ടായിരത്തിയഞ്ഞൂറോളം തദ്ദേശീയരായ വിശ്വാസികളാണ് പങ്കുചേര്‍ന്നത്.


Related Articles »