News - 2024

വീണ്ടും പ്രോലൈഫ് നയം: അമേരിക്കയിലെ ജോർജിയയില്‍ 'ഹൃദയമിടിപ്പ് ബില്ല്' നിയമമായി

സ്വന്തം ലേഖകന്‍ 10-05-2019 - Friday

ജോർജിയ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ആറ് ആഴ്ച മുതലുള്ള ഗർഭസ്ഥശിശുവിനെ ഭ്രൂണഹത്യ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ നിയമമായി. ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് തുടങ്ങിയതിനുശേഷം ഭ്രൂണഹത്യ നടത്താൻ പാടില്ലായെന്ന് നിഷ്കർഷിക്കുന്ന ബില്ലിൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് കഴിഞ്ഞ ദിവസമാണ് ഒപ്പുവെച്ചത്. ഇതോടുകൂടി ബില്‍ നിയമമായി മാറിയിരിക്കുകയാണ്. ഗർഭസ്ഥശിശുവിന് ആറാഴ്ച വളർച്ചയെത്തുമ്പോൾ ഹൃദയവും പ്രവർത്തനക്ഷമമാകും എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. നിയമം ജനുവരി 2020ൽ പ്രാബല്യത്തിൽ വരും. ഇതോടെ സമാനമായ നിയമം പാസാക്കുന്ന നാലാമത്തെ അമേരിക്കൻ സംസ്ഥാനമായി ജോർജ്ജിയ മാറിയിരിക്കുകയാണ്.

മഹത്തായ സംസ്ഥാനത്ത് എല്ലാ ജോർജിയക്കാർക്കും ജീവിക്കാനും, വളരാനും, പഠിക്കാനും, അഭിവൃദ്ധിപ്പെടാനുമായായുളള സാഹചര്യം ഉണ്ടാകാൻ വേണ്ടിയാണ് താൻ ഹൃദയമിടിപ്പ് ബില്ലിൽ ഒപ്പുവെച്ചതെന്ന് ബ്രയാൻ കെമ്പ് പറഞ്ഞു. ജോർജിയ ജീവനെ വിലമതിക്കുന്ന സംസ്ഥാനമാണെന്നും സംസാരിക്കാൻ സാധിക്കാത്തവർക്കു വേണ്ടി ശക്തമായി തങ്ങൾ നിൽക്കുമെന്നും ബില്ലിൽ ഒപ്പു വെയ്ക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഗര്‍ഭഛിദ്ര അനുകൂലികള്‍ നിയമത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങൾ പിറകോട്ട് പോകില്ലായെന്നും, ജീവനുവേണ്ടി പോരാട്ടം തുടരുമെന്നും ജോർജിയ ഗവർണർ വ്യക്തമാക്കി. നേരത്തെ മിസിസിപ്പി, കെന്‍റക്കി, ഒഹിയോ സംസ്ഥാനങ്ങളില്‍ ഹൃദയമിടിപ്പ് ബില്ല് നിയമമാക്കിയിരിന്നു.


Related Articles »