News - 2025
ക്രൈസ്തവ വിശ്വാസം സമൂഹത്തിന് ഭീഷണിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം
സ്വന്തം ലേഖകന്‍ 10-05-2019 - Friday
ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസത്തെ സമൂഹത്തിനുള്ള ഭീഷണിയായി കണക്കാക്കിയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ നിലപാട് വിവാദത്തിൽ. മധ്യ ചൈനയിലെ ഒരു പ്രവിശ്യയിൽ സംഘടിപ്പിച്ച സെമിനാറിലാണ് പാർട്ടി പ്രവർത്തകരോട് നേതൃത്വം ഇക്കാര്യം പറഞ്ഞത്. ഹെനാൻ പ്രവിശ്യയിലെ ഹെബി എന്ന നഗരത്തിലാണ് "ചൈനയുടെ സുരക്ഷയുടെ മേൽ ക്രൈസ്തവ വിശ്വാസത്തിന്റെ ബൃഹത്തായ ദ്രോഹം" എന്ന വിഷയത്തിലൂന്നി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കായി സെമിനാർ നടന്നതെന്ന് 'ചൈന എയിഡ്' സംഘടന റിപ്പോർട്ട് ചെയ്തു. ക്രൈസ്തവരുടേയും മറ്റു ന്യൂനപക്ഷങ്ങളുടെയും നേരെ കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തുന്ന അടിച്ചമർത്തൽ തുടരുന്നതിന്റെ സൂചനയായാണ് നിരീക്ഷകർ ഇതിനെ നോക്കി കാണുന്നത്.
കമ്മ്യൂണിസ്റ്റ് ഭരണത്തെ ക്ഷയിപ്പിക്കാനായുളള വിദേശ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ക്രൈസ്തവ വിശ്വാസം ഉൾപ്പെടെയുള്ള ദൈവീക വിശ്വാസങ്ങളെ യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ കമ്മ്യൂണിസ്റ്റ് സർക്കാർ കാണുന്നതെന്ന് രാജ്യത്തു മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'ചൈന എയിഡ്' വ്യക്തമാക്കുന്നു. ക്രൈസ്തവ വിശ്വാസികളുടെ എണ്ണം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗങ്ങളായുള്ളവരേക്കാൾ വർദ്ധിച്ചതിനാൽ ചൈനയിലെ ഏക പാർട്ടി സമ്പ്രദായത്തിന് അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് നേതൃത്വം ഭയപ്പെടുന്നതായി ഒരു കത്തോലിക്കാ വിശ്വാസി സെമിനാറിനെ ചൂണ്ടിക്കാട്ടി പറഞ്ഞു. അതേസമയം 2030 ഓടുകൂടി ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്നാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
