News - 2025
ശ്രീലങ്കയിലെ കത്തോലിക്ക സ്കൂളുകള്‍ അടുത്തയാഴ്ച തുറക്കും: സുരക്ഷിതമെങ്കില്‍ ബലിയര്‍പ്പിക്കുവാനും നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍ 10-05-2019 - Friday
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളെ തുടര്‍ന്ന് താത്കാലികമായി അടച്ചുപൂട്ടിയ കത്തോലിക്ക സ്കൂളുകള്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും. പത്രസമ്മേളനത്തിലൂടെ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്താണ് ഇക്കാര്യം അറിയിച്ചത്. വരുംദിവസങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ കൃത്യമായ തീയതി പറയുകയുള്ളൂവെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍ മെയ് 14ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ശ്രീലങ്കയിലെ കത്തോലിക്ക ഇതര സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിന്നു.
അതേസമയം ദേവാലയങ്ങളിലെ പരസ്യ ബലിയര്‍പ്പണം സുരക്ഷിതമായ സാഹചര്യമാണ് ഉള്ളതെങ്കില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം ഇടവക ദേവാലയങ്ങളില്‍ നടത്തുവാനും അദ്ദേഹം വൈദികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലിയര്‍പ്പണം വീണ്ടും ആരംഭിക്കുവാന്‍ സഭാനേതൃത്വം തീരുമാനിച്ചിരിന്നുവെങ്കിലും ഭീകരാക്രമണത്തിന് തീവ്രവാദികള്‍ കോപ്പ് കൂട്ടുന്നതായി മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും നീട്ടുകയായിരിന്നു.
