News - 2025
റോമിലെ ഏറ്റവും വലിയ പ്രോലൈഫ് പ്രോഫാമിലി കൂട്ടായ്മക്ക് ഇനി ഒരാഴ്ച കൂടി
സ്വന്തം ലേഖകന്‍ 11-05-2019 - Saturday
റോം: റോമിലെ ഏറ്റവും വലിയ പ്രോലൈഫ് പ്രോഫാമിലി കൂട്ടായ്മയായ റോം ലൈഫ് ഫോറമിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് മെയ് 16, 17 തിയതികളിലായി വിശുദ്ധ അക്വിനാസിന്റെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ (ആഞ്ചെലിക്കം) നടക്കും. കോണ്‍ഫറന്‍സിനെ തുടര്‍ന്ന്‍ മെയ് 18 ശനിയാഴ്ച മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ ആയിരങ്ങളാണ് പങ്കെടുക്കുക. റോം ലൈഫ് ഫോറമിന്റെ ആറാമത് കോണ്‍ഫറന്‍സാണ് ഇക്കൊല്ലം നടക്കുവാന്‍ പോകുന്നത്. സഭയിലെ പ്രമുഖ കര്‍ദ്ദിനാളുമാര്‍ക്ക് പുറമേ ഉന്നത പ്രോലൈഫ്, പ്രോഫാമിലി കത്തോലിക്കാ നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.
“ദൈവത്തിന്റെ നഗരം vs. മനുഷ്യന്റെ നഗരം – ഒരൊറ്റ ആഗോള ലോകക്രമം vs. ക്രൈസ്തവലോകം” എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ എജിക്, ലെപാന്റോ ഫൗണ്ടേഷനിലെ പ്രൊഫ. റോബര്‍ട്ടോ ഡെ മാറ്റെയി, ലൈഫ്സൈറ്റ്ന്യൂസിന്റെ ജോണ്‍ ഹെന്രി, ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍, അന്തോണി മര്‍ഫി (കത്തോലിക് വോയിസ്), സ്റ്റീവ് മോഷര്‍ (പോപ്പുലര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്) എന്നിവരാണ് ഒന്നാം ദിവസത്തെ പ്രഭാഷകര്‍.
ഫാ. കെവിന്‍ ഒ റെയിലി (ആഞ്ചെലിക്കം), ഡോ. അലന്‍ ഫിമിസ്റ്റ്ര്‍, ഫാ. ലിനസ് ക്ലോവിസ് (ഫാമിലി ലൈഫ് ഇന്റര്‍നാഷണല്‍), കര്‍ദ്ദിനാള്‍ പുജാട്സ്, കര്‍ദ്ദിനാള്‍ ബ്രാന്‍ഡ്മുള്ളര്‍, കര്‍ദ്ദിനാള്‍ ബുര്‍ക്കെ തുടങ്ങിയവരുടെ പ്രഭാഷണങ്ങളായിരിക്കും രണ്ടാം ദിവസത്തെ സവിശേഷത. അസ്സോസിയാസിയോണെ ഫാമിഗ്ലിയ ഡൊമാനി (ഇറ്റലി), ഫാമിലി ലൈഫ് ഇന്റര്‍നാഷണല്‍ (ന്യൂസിലന്‍ഡ്), ലൈഫ്സൈറ്റ് ന്യൂസ്, സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ ബോണ്‍ ചില്‍ഡ്രന്‍ (യു.കെ) തുടങ്ങിയവരാണ് കോണ്‍ഫറന്‍സിനു ചുക്കാന്‍ പിടിക്കുന്നത്.
