News - 2024

ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം

സ്വന്തം ലേഖകന്‍ 14-05-2019 - Tuesday

ഗ്വാളിയോര്‍: നാലു മാസങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ മരിച്ച കോട്ടയം അതിരൂപതാംഗവും ഗ്വാളിയോര്‍ രൂപത ബിഷപ്പുമായിരുന്ന റവ. ഡോ. തോമസ് തെന്നാട്ടിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം. ബിഷപ്പിന്റെ മരണത്തില്‍ സംശയമുന്നയിച്ച് ഡോളി തെരേസ എന്ന അല്‍മായ വനിത കോടതിയില്‍ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ കോടതിയുടെ നടപടി. ഇതേ തുടര്‍ന്നു വാഹനാപകടം എന്നെഴുതി തള്ളിയ ഡോ. തോമസ് തെന്നാട്ടിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. ശിവപുരിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിധി നീലേഷ് ശ്രീവാസ്തവയാണ് പുനരന്വേഷണത്തിന് ഉത്തരവ് നല്കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം കോടതിയില്‍ ഹാജരാക്കണം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിക്കുന്നത്. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


Related Articles »