India - 2025
ഡോ. ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയര്‍ ബിഷപ്പ്
സ്വന്തം ലേഖകന്‍ 01-06-2019 - Saturday
ന്യൂഡല്‍ഹി: ആഗ്ര രൂപതയിലെ വൈദികനും മലയാളിയുമായ ഡോ. ജോസഫ് തൈക്കാട്ടിലിനെ ഗ്വാളിയര്‍ രൂപത ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നാണ് റോമില്‍ പ്രഖ്യാപനമുണ്ടായത്. ഡോ. ജോസഫ് തൈക്കാട്ടില്‍ നാട്ടില്‍ ഒരുമാസത്തെ അവധിക്കു വന്നിരിക്കെയാണ് നിയമന പ്രഖ്യാപനമുണ്ടായത്. ആഗ്ര ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏനാമാക്കല്‍ കോഞ്ചിറ പള്ളിയിലെത്തി നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ആഗ്ര ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ നിയുക്ത മെത്രാന് അഭിനന്ദനങ്ങളുമായി ഏനാമാക്കല്‍ എത്തിയിരുന്നു.
1952 മേയ് 31നു തൈക്കാട്ടില്‍ ഔസേപ്പ് കൊച്ചുമറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനനം. ആഗ്ര സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരിയിലും അലഹാബാദ് സെന്റ് ജോസഫ്‌സ് മേജര്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, 1988 ഏപ്രില്‍ 25നു പൗരോഹിത്യം സ്വീകരിച്ചു. ആഗ്ര രൂപതയിലെ അമലോത്ഭവ കത്തീഡ്രല്‍, നോയിഡ സെന്റ് മേരീസ്, മഥുര സേക്രഡ് ഹാര്‍ട്ട്, ഭരത്പുര്‍ സെന്റ് പീറ്റേഴ്‌സ് ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. ആഗ്ര രൂപത വികാരി ജനറാളായും ഭരത്പുര്‍ ഇടവക വികാരിയായും പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ബിഷപ്പായുള്ള നിയമനം.
