News

'അനിയന്ത്രിത മുസ്ലീം അഭയാര്‍ത്ഥി പ്രവാഹം തടയേണ്ടത് ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം'

സ്വന്തം ലേഖകന്‍ 20-05-2019 - Monday

റോം: ലോകമെമ്പാടും നടക്കുന്ന അനിയന്ത്രിതമായ മുസ്ലീം കുടിയേറ്റത്തെ ചെറുക്കേണ്ടത് ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണെന്ന്‍ അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ. റോമിലെ ഏറ്റവും വലിയ പ്രോലൈഫ്, പ്രോഫാമിലി കൂട്ടായ്മയായ റോം ലൈഫ് ഫോറമില്‍ മെയ് 17 ഉച്ചക്ക് ശേഷം നത്തിയ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പിതാവിനോടുള്ള ഭക്തിയും, ദേശസ്നേഹവും’ എന്ന വിഷയത്തെ ആസ്പദമാക്കി കര്‍ദ്ദിനാള്‍ ബുര്‍ക്കെ നടത്തിയ പ്രഭാഷണത്തിനു ശേഷമായിരുന്നു ചോദ്യോത്തര വേള.

അമേരിക്കയില്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ സ്വന്തം നിയമവ്യവസ്ഥയുണ്ടാക്കിയിട്ടുള്ള പ്രദേശങ്ങളെക്കുറിച്ച് പറയുന്ന ‘നോ ഗോ സോണ്‍’ എന്ന പുസ്തകത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അഭയാര്‍ത്ഥികള്‍ തങ്ങള്‍ അഭയം തേടിയെത്തിയിരിക്കുന്ന രാജ്യത്തിന്റെ അധികാരത്തേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ ചെറുക്കുന്നത് ദേശസ്നേഹം തന്നെയാണ്. സ്വന്തം രാജ്യത്ത് ഒരു ജീവിതമാര്‍ഗ്ഗം കണ്ടെത്തുവാന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് അഭയാര്‍ത്ഥികളെ സംബന്ധിച്ച കത്തോലിക്ക പ്രബോധനങ്ങള്‍ ബാധകമാവുകയുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്‍തോതിലുള്ള അഭയാര്‍ത്ഥിപ്രവാഹത്തിനെതിരെ കടുത്ത നിലപാടെടുത്ത ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയുമായുള്ള കൂടിക്കാഴ്ചക്ക് ഫ്രാന്‍സിസ് പാപ്പ അനുമതി നിഷേധിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നായിരിന്നു കര്‍ദ്ദിനാളിന്റെ പ്രതികരണം. അനിയന്ത്രിതമായ ഇസ്ലാമിക കുടിയേറ്റത്തെ ചെറുക്കുന്ന ഒരുവന്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും വിലക്കപ്പെടാവുന്ന തരത്തിലുള്ള അധാര്‍മ്മികമായ പ്രവര്‍ത്തിയാണോ ചെയ്തത്? എന്നതാണ് അടിസ്ഥാന ചോദ്യമെന്നാണ് കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ അഭിപ്രായം.

കുടിയേറ്റത്തെക്കുറിച്ച് വിവേകപൂര്‍ണ്ണമായ വിവേചനമായിരിക്കണം രാഷ്ട്രങ്ങള്‍ കൈകൊള്ളേണ്ടതെന്നും തങ്ങള്‍ക്ക് അഭയം നല്‍കിയ രാഷ്ട്രത്തിലെ നിയമങ്ങളും ആചാരങ്ങളും പാലിക്കേണ്ടത് അഭയാര്‍ത്ഥികളുടെ ഉത്തരവാദിത്ത്വമാണെന്നും അഭയാര്‍ത്ഥികളെ സംബന്ധിച്ച 1992 ലെ കത്തോലിക്കാ മതബോധനത്തെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബുര്‍ക്കെ വ്യക്തമാക്കി.


Related Articles »