News - 2024

മാര്‍ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണം ഈ ശനിയാഴ്ച്ച

സ്വന്തം ലേഖകന്‍ 23-05-2019 - Thursday

മിസിസാഗ: കാനഡയിലെ മിസിസാഗ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണവും ഈ ശനിയാഴ്ച്ച നടക്കും. മിസിസാഗ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കും. തുടര്‍ന്നു മാര്‍ ജോസ് കല്ലുവേലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം നടക്കും.

കാനഡയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലൂയിജി ബൊണാസി, ടെറേന്റോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്, കനേഡിയന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. റിച്ചാര്‍ഡ് ഗാഗ്‌നോണ്‍, കാനഡയിലെ മുന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും. ദിവ്യബലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും.

അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലൂയിജി ബൊണാസി പേപ്പല്‍ സന്ദേശം നല്കും. കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്, ആര്‍ച്ച്ബിഷപ് റിച്ചാര്‍ഡ് ഗാഗ്നോണ്‍, ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫാ. ഡാരിസ് മൂലയില്‍, എബ്ബി അലാറിക്, ഡോ. സാബു ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ മറുപടിപ്രസംഗം നടത്തും. സോണി കയാണിയില്‍, ജോസഫ് അക്കരപ്പറ്റിയാക്കല്‍ എന്നിവര്‍ നന്ദിപറയും. 2018 ഡിസംബര്‍ 22നാണ് മിസിസാഗയെ രൂപതയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയത്.


Related Articles »