News - 2024
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഫ്രഞ്ച് കന്യാസ്ത്രീയെ കഴുത്തറുത്തു കൊന്നു
സ്വന്തം ലേഖകന്‍ 23-05-2019 - Thursday
മധ്യ ആഫ്രിക്ക: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തെക്ക്-പടിഞ്ഞാറ് കാമറൂണ്‍ അതിര്‍ത്തിക്ക് സമീപമുള്ള ബെര്‍ബെരാറ്റി രൂപതയിൽ ഫ്രഞ്ച് കന്യാസ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തി. ഡോട്ടേഴ്സ് ഓഫ് ജീസസ് സഭാംഗമായ സിസ്റ്റര്‍ ഇനെസ് നീവ്സ് സാഞ്ചോ ആണ് കൊല്ലപ്പെട്ടത്. ബെര്‍ബെരാറ്റി രൂപതയിലെ നോളാ വില്ലേജിലെ തന്റെ വര്‍ക്ക്ഷോപ്പിലാണ് കഴുത്തറുത്ത നിലയില്‍ എഴുപത്തിയേഴുകാരിയായ സിസ്റ്റര്‍ സാഞ്ചോയുടെ മൃതദേഹം കണ്ടത്. വര്‍ഷങ്ങളായി ഗ്രാമത്തിലെ പാവപ്പെട്ട പെണ്‍കുട്ടികളെ സൗജന്യമായി തയ്യല്‍വേല പഠിപ്പിച്ചു വരികയായിരുന്നു സിസ്റ്റര്‍ സാഞ്ചോ.
ഇക്കഴിഞ്ഞ ഞായറാഴ്ചക്കും തിങ്കളാഴ്ചക്കുമിടയിലാണ് കൊല നടന്നത്. സിസ്റ്റര്‍ സാഞ്ചോയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ സിസ്റ്ററെ വര്‍ക്ക്ഷോപ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരികയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തല പൂര്‍ണ്ണമായും അറുത്ത് മാറ്റാത്ത നിലയിലായിരുന്നുവെന്ന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഒരു മെത്രാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ പിന്നിലെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച സിസ്റ്റര്‍ സാഞ്ചോയുടെ മൃതസംസ്ക്കാരം നടന്നു. ബെര്‍ബെരാറ്റി രൂപതയുടെ ബിഷപ്പ് മൃതസംസ്കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇന്നലെ വത്തിക്കാന്‍ സ്ക്വയറിലെ പൊതു അഭിസംബോധനയില്‍ ഫ്രാന്‍സിസ് പാപ്പ സിസ്റ്റര്‍ സാഞ്ചോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. പാവങ്ങളെ സേവിച്ചുകൊണ്ട് തന്റെ ജീവിതം യേശുവിനായി നല്‍കിയ സിസ്റ്റര്‍ സാഞ്ചോയുടെ കൊലപാതകത്തെ ‘മൃഗീയം’ എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. സിസ്റ്റര്‍ സാഞ്ചോസിന് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിക്കുവാന്‍ തനിക്ക് മുന്നില്‍ തടിച്ചു കൂടിയവരോട് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.