News
യൂറോപ്പില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവ് സംഭവമാകുന്നു
സ്വന്തം ലേഖകന്‍ 25-05-2019 - Saturday
ലണ്ടന്‍: യൂറോപ്പിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവ് സംഭവമായി മാറുന്നു. മെയ് ആരംഭം മുതല്‍ ഇതുവരെ യൂറോപ്പില്‍ മാത്രം ഇരുപതോളം ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ കൗണ്‍സിലിന്റെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട ‘ഒബ്സര്‍വേറ്ററി ഓഫ് ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍ ഇന്‍ യൂറോപ്പ്’ എന്ന സ്വതന്ത്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മ്മനി, സ്കോട്ട്ലന്റ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോളണ്ട്, സ്പെയിന്‍, ഇറ്റലി, ഓസ്ട്രിയ എന്നിവിടങ്ങളിലെ നിരവധി ദേവാലയങ്ങളാണ് സമീപകാലങ്ങളില്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത്.
തിരുവോസ്തി മോഷ്ടിക്കുക, ദേവാലയം അഗ്നിക്കിരയാക്കുക, ഇസ്ലാമിക ചുവരെഴുത്തുകള്‍ പതിപ്പിക്കുക, ദൈവനിന്ദ വാചകങ്ങള്‍ എഴുതുക, ജനല്‍ ചില്ലുകള്‍ തകര്‍ക്കുക, വിശ്വാസപ്രതീകങ്ങള്‍ നശിപ്പിക്കുക, നേര്‍ച്ചപ്പണം മോഷ്ടിക്കുക തുടങ്ങിയവയാണ് ദേവാലയങ്ങള്‍ക്ക് നേരെ നടന്ന പ്രധാന ആക്രമണങ്ങള്‍. ഇതില്‍ കൂദാശ ചെയ്ത തിരുവോസ്തി മോഷ്ടിക്കുന്നതാണ് വിശ്വാസികളെയും സഭാനേതൃത്വത്തെയും ഏറെ വേദനിപ്പിക്കുന്നത്. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബ്രിയോണ്‍-പ്രസ്-തൌവ്വെറ്റില്‍ നിന്ന്‍ അടുത്തിടെ തിരുവോസ്തി മോഷണം പോയിരിന്നു. പാരീസിലെ നോട്ര ഡാമിന്റെ സമീപത്തുള്ള സെന്റ് ജെര്‍മ്മൈന്‍ ദേവാലയത്തിലെ ലോഹനിര്‍മ്മിതമായ മെഴുകുതിരികാലുകളും, മെഴുകുതിരിയും, കുരിശും മോഷണം പോയതും സമീപകാലത്താണെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോ വ്യക്തമാക്കുന്നു.
ഫ്രാന്‍സിലെ ഇക്വിഹെന്‍-പ്ലേജിലെ ദേവാലയത്തിലെ സങ്കീര്‍ത്തിയില്‍ സംശയാസ്പദമായ രീതിയില്‍ തീപിടുത്തമുണ്ടായതു അടുത്ത നാളുകളിലാണ്. ഏതാണ്ട് മൂന്നരലക്ഷത്തിനടുത്ത് യൂറോയുടെ നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ലാ കാപ്പെല്ലേ-ലെസ് ബോളോണെ, വിമില്ലേ എന്നീ ദേവാലയങ്ങളില്‍ മോഷണം നടത്തി അഗ്നിക്കിരയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായും പോലീസ് പിടിയിലായ ഒരു മുപ്പത്തിനാലുകാരന്‍ കുറ്റസമ്മതം നടത്തിയതും വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ മെയ് 8-ന് ഫ്രാന്‍സിലെ തന്നെ അസ്സോണിലെ സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തിലെ കുരിശുരൂപം തകര്‍ക്കപ്പെട്ടതായി ‘ലാ റിപ്പബ്ലിക് ഡെസ് പിര്‍നീസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് 4-ന് ഇറ്റലിയിലെ നാര്‍ണിയിലെ സാന്‍ ജിറോലാമോ ദേവാലയം ആക്രമണത്തിനിരയായി. വിശുദ്ധ ഗ്രന്ഥങ്ങള്‍ നിലത്തെറിഞ്ഞ അക്രമി യേശുവിന്റെ രൂപം തകര്‍ത്തു. ഇറ്റലിയിലെ തന്നെ സാന്‍ ജിയോവനാലെ ദേവാലയത്തിന്റെ ഭിത്തികള്‍ ചുവരെഴുത്തുകളാല്‍ നശിപ്പിച്ചതും സമീപകാലത്താണ്. യൂറോപ്പിന്റെ പൈതൃകമായ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവ് സംഭവമായി മാറിയിട്ടും അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ നിഷ്ക്രിയത്വം തുടരുന്നതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.