News - 2025
എബോള നിഴലില്‍ മധ്യ ആഫ്രിക്ക: രോഗനിവാരണ പ്രവര്‍ത്തനങ്ങളുമായി ക്രിസ്ത്യന്‍ സഭകള്‍
സ്വന്തം ലേഖകന്‍ 27-05-2019 - Monday
നെയ്റോബി: ലോകത്തെ ഭീതിയിലാഴ്ത്തി മധ്യ ആഫ്രിക്ക വീണ്ടും എബോളയുടെ നിഴലില്‍. കഴിഞ്ഞ ഒരാഴ്ചയായി അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന എബോള ബാധ കാരണം ദുരിതത്തിലായ കോംഗോയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനും രോഗ പ്രതിരോധത്തിനും ക്രിസ്ത്യന്‍ സഭകളാണ് മുന്നില്‍ നില്‍ക്കുന്നത്. കോംഗോയിലെ കിഴക്കന്‍ മേഖലയിലുള്ള കിവുവിലെ രോഗബാധിത മേഖലകളില്‍ തീവ്രവാദികളുടെ സാന്നിധ്യം അതിരൂക്ഷമായ സാഹചര്യത്തില്‍പോലും രോഗബാധക്കെതിരായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് സഭ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ഇറാഖിലെയും, സിറിയയിലെയും അധിനിവേശം നഷ്ടപ്പെട്ടതോടെ, ആഫ്രിക്കയിലേക്കുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമാസക്തമായ വരവ് രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി മാറിയിരിക്കുകയാണ്. ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് റിലീജിയസ് ലീഡേഴ്സിന്റെ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കുരിയ കഗേമായും കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എബോള രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘത്തിനു ലഭിച്ച തീവ്രവാദി ഭീഷണി ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും കത്തോലിക്ക സഭ അടക്കമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളുടെ സേവനം തുടരുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ മധ്യ-ആഫ്രിക്കയിലെ കാലിഫേറ്റായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് കോംഗോയാണ്. അന്ധവിശ്വാസങ്ങളും, കിംവദന്തികളുമാണ് ഇസ്ലാമിക് സ്റ്റേറ്റിന് പുറമേ സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മറ്റ് ഘടകങ്ങള്‍. പ്രതികൂല സാഹചര്യങ്ങളിലും സഭയുടെ രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കോംഗോയില്‍ കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സജീവമായി സഹായിച്ചുകൊണ്ടിരിക്കുകയാണ്.
രോഗത്തിനെതിരെ വേണ്ട മുന്‍കരുതലുകളെക്കുറിച്ചും, ശുചിത്വത്തെക്കുറിച്ചും ബോധവാന്മാരാക്കുന്ന ഗാനങ്ങള്‍ വഴിയും, ചര്‍ച്ചകള്‍ വഴിയും ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. രോഗബാധക്കിരയായവര്‍ക്ക് വേണ്ട അജപാലക സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം രോഗനിര്‍മ്മാര്‍ജ്ജനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഫ്രിക്കയില്‍ കൂച്ച് വിലങ്ങിട്ടില്ലെങ്കില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യമായ കോംഗോ എബോള രോഗികളുടെ ശവപ്പറമ്പായി മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
