News - 2024
ക്രൈസ്തവ സ്ഥാപനങ്ങള്‍ ദൈവിക സാന്നിധ്യത്തിന് സാക്ഷ്യം നല്‍കണം: പാപ്പ റൊമേനിയയില്‍
സ്വന്തം ലേഖകന്‍ 01-06-2019 - Saturday
ബുക്കാറെസ്റ്റ്: പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സൗമനസ്യവും ഔദാര്യവുമാണ് ക്രൈസ്തവസ്ഥാപനങ്ങള്‍ പ്രകടമാക്കേണ്ടതെന്നും അവ ദൈവീക സാന്നിധ്യത്തിന് സാക്ഷ്യമേകണമെന്നും ഫ്രാന്‍സിസ് പാപ്പ. റൊമേനിയന്‍ സന്ദര്‍ശനത്തിന് എത്തിയതിന് ശേഷം ബുക്കാറെസ്റ്റിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍വച്ച് രാഷ്ട്രപ്രതിനിധികളെയും സഭാപ്രതിനിധികളെയും അഭിസംബോധനചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. ബാഹ്യമായി വലിയ സാമ്പത്തിക ശക്തിയായി വളരുക എന്നതായിരിക്കരുത് റൊമേനിയയുടെ ലക്ഷ്യമെന്നും മറിച്ച് മനുഷ്യാവകാശം സംരക്ഷിച്ചുകൊണ്ടുള്ള വളര്‍ച്ചയാണ് രാജ്യം ലക്ഷ്യംവെക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
രാജ്യത്തു സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും മനോഭാവം അനിവാര്യമാണ്. ഒപ്പം പൊതുനന്മ ലക്ഷ്യംവച്ചുകൊണ്ടുള്ള സാമൂഹ്യ സാമുദായിക രാഷ്ട്രീയ മുന്നേറ്റങ്ങളും ആവശ്യമാണ്. സമൂഹത്തിന്‍റെ സാങ്കേതികവും ഭൗതികവുമായ വളര്‍ച്ച നല്ലതാണ്, എന്നാല്‍ ഒപ്പം അത് ജനത്തിന്‍റെ ആത്മാവിനെയും ആത്മീയതയെയും ധാര്‍മ്മികതയെയും സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതുമായിരിക്കണം. രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലും അവയുടെ പ്രവര്‍ത്തനങ്ങളിലും അന്തസ്സു നിലനിര്‍ത്താന്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു സാധിക്കണം. അവിടെല്ലാം പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സൗമനസ്യവും ഔദാര്യവുമാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ പ്രകടമാക്കേണ്ടത്.
അതോടൊപ്പം ദൈവികസാന്നിധ്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും ഉത്തരവാദിത്വപൂര്‍ണ്ണവും ആകര്‍ഷകവുമായൊരു സാക്ഷ്യമായിത്തീരാന്‍ റൊമേനിയയിലെ സഭയെന്നും പരിശ്രമിക്കേണ്ടതാണ്. സമൂഹത്തില്‍ യഥാര്‍ത്ഥവും പാരസ്പരികതയുള്ളതുമായ സൗഹൃദവും സഹകരണവും കാണിച്ചുകൊണ്ടാണ് ക്രൈസ്തവസാക്ഷ്യം പ്രകടമാക്കേണ്ടത്. ഇതര സഭാംഗങ്ങളോടും സഭാപ്രവര്‍ത്തനങ്ങളോടും കൈകോര്‍ത്ത് സാഹോദര്യത്തിന്‍റെ ശൈലിയില്‍ റൊമേനിയയുടെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സഭ ആഗ്രഹിക്കുന്നു. നാടിന്‍റെ സമാധാനത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്. പാപ്പയുടെ ത്രിദിന റൊമേനിയന്‍ സന്ദര്‍ശനത്തിന് നാളെയാണ് സമാപനം കുറിക്കുക.