News - 2025
സ്വവർഗാനുരാഗികളുടെ റാലിക്ക് പകരം പാപ പരിഹാര റാലി: പിന്തുണയുമായി ഇറ്റാലിയൻ മന്ത്രി
സ്വന്തം ലേഖകന്‍ 02-06-2019 - Sunday
റോം: സ്വവർഗാനുരാഗികളുടെ റാലിക്ക് പരിഹാരമായി ഈശോയുടെ തിരുഹൃദയത്തിനോട് പാപപൊറുതി തേടി ഇറ്റലിയിൽ നടന്ന റാലിക്ക് ഇറ്റാലിയൻ കുടുംബ മന്ത്രി ലോറൻസൊ ഫോണ്ടാന പരസ്യമായ പിന്തുണ നൽകി. ഉത്തര ഇറ്റാലിയൻ നഗരമായ മോഡേണയിലാണ് സ്വവർഗ്ഗാനുരാഗികകളുടെ റാലിയും പാപപരിഹാര റാലിയും ഒരേ ദിവസം തന്നെ നടന്നത്. പാപപരിഹാര റാലി സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും, ആശംസ നേരുന്നുവെന്നും അദ്ദേഹം സംഘാടകരോട് പറഞ്ഞു. ക്രൈസ്തവ മൂല്യങ്ങൾ നമ്മുടെ പാരമ്പര്യത്തിന്റെയും, ചരിത്രത്തിന്റെയും, വ്യക്തിത്വത്തിന്റെയും അടിസ്ഥാനമാണെന്നും ഫോണ്ടാന ഓര്‍മ്മിപ്പിച്ചു.
ക്രൈസ്തവ വിശ്വാസം ഉയർത്തിപ്പിടിച്ചു ഭരിക്കുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ പാർട്ടിക്കാരനാണ് ലോറൻസൊ ഫോണ്ടാന. സ്വവര്‍ഗ്ഗാനുരാഗികളുടെ ലോബി സ്കൂളുകളിൽ പോലും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ക്രിസ്ത്യാനോ ലുഗ്ളി എന്ന അൽമായന്റെയും സഭാധികാരികളുടെയും നേതൃത്വത്തില്‍ പാപ പരിഹാര റാലി സംഘടിപ്പിച്ചത്. ഇങ്ങനെയൊരു റാലി നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ പേരിൽ സംഘാടകർക്ക് വധഭീഷണി വരെ ലഭിച്ചുവെന്നു ക്രിസ്ത്യാനോ ലുഗ്ളി പറഞ്ഞു. റാലിയുടെ ഏറ്റവും മുന്നിൽ ക്രൂശിതരൂപമായിരുന്നു. ജപമാല ചൊല്ലിയാണ് എല്ലാവരും റാലിയിൽ പങ്കെടുത്തത്.
