News

ഏഴു ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാര്‍ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സ്വന്തം ലേഖകന്‍ 02-06-2019 - Sunday

ബുക്കാറസ്റ്റ്: കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തില്‍ രക്തസാക്ഷികളായ ഏഴു ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരെ ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. സെന്‍ട്രല്‍ റൊമേനിയയിലെ ബ്‌ളാജില്‍വെച്ചാണ് പ്രഖ്യാപനം നടത്തുക. 1950-70 കാലഘട്ടത്തിലാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി ഇവര്‍ മരണമടഞ്ഞത്. ഇന്നലെ ട്രാന്‍സില്‍വാനിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സുമുലു സിയൂക്കില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ആയിരങ്ങളാണ് മഴയെ അവഗണിച്ചു പങ്കുചേര്‍ന്നത്. ദിവ്യബലിക്കു ശേഷം മാര്‍പാപ്പ വടക്കുപടിഞ്ഞാറന്‍ റുമേനിയയിലെ ഐയാസിയിലെത്തി യുവജനതയുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ദിവസം റൊമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് ഡാനിയേലും പാപ്പയുമായുള്ള കൂടിക്കാഴ്ച നടന്നു. സുവിശേഷപ്രഘോഷണ പാതയില്‍ പാപ്പായ്ക്ക് ദീര്‍ഘായുസ്സു നേര്‍ന്ന പാത്രിയര്‍ക്കിസ് ഡാനിയേല്‍ സാമൂഹികതലത്തില്‍ ക്രിസ്തുവിന്‍റെ സുവിശേഷംനീതിക്കും അനുരഞ്ജനത്തിനും, ഐക്യദാര്‍ഢ്യത്തിനുമായി ക്ഷണിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. കൂടിക്കാഴ്ചയില്‍ റൊമേനിയന്‍ സഭാപിതാക്കന്മാരെയും, അവരുടെ ചരിത്രവും അനുസ്മരിപ്പിക്കുന്ന 2 സ്വര്‍ണ്ണ മെഡലുകളും, 20 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ റൊമേനിയ സന്ദര്‍ശനത്തിന്‍റെ ബഹുവര്‍ണ്ണ സ്മരണികയും പാത്രിയര്‍ക്കീസ് പാപ്പായ്ക്കു സമ്മാനിച്ചു.




Related Articles »