News - 2024

കുട്ടികള്‍ക്ക് ആദ്യകുര്‍ബാന സമ്മാനമായി സ്മാര്‍ട്ട്ഫോണ്‍ നല്‍കരുത്: മുന്നറിയിപ്പുമായി ഐറിഷ് മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 03-06-2019 - Monday

മേനൂത്ത്, അയര്‍ലന്‍ഡ്‌: പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് സമ്മാനമായി കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പ്രവണത നല്ലതല്ലെന്നും മൊബൈല്‍ സമ്മാനമായി ആവശ്യപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും ഐറിഷ് സഭയുടെ തലവനും അര്‍മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ഈമണ്‍ മാര്‍ട്ടിന്‍. അയര്‍ലന്‍ഡിലെ മെനൂത്തിലെ സെന്റ്‌ പാട്രിക്ക് കോളേജില്‍ സംഘടിപ്പിച്ച 'ഫെയിത്ത് ഇന്‍ ഡിജിറ്റല്‍ വേള്‍ഡ്' സെമിനാറില്‍ പങ്കെടുക്കവേ ‘ദി ടാബ്ലെറ്റ്’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നമ്മള്‍ നമ്മുടെ കുട്ടികളെ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുവാന്‍ അനുവദിക്കാറില്ലല്ലോ. പിന്നെന്തിനാണ് ഡിജിറ്റല്‍ ഹൈവേകളിലൂടെ ചുറ്റിക്കറങ്ങുവാന്‍ അവരെ അനുവദിക്കുന്നു? ആര്‍ച്ച് ബിഷപ്പ് ചോദ്യമുയര്‍ത്തി. യുവാക്കളെ ചൂഷണം ചെയ്യുവാന്‍ ഒരു കൂട്ടം ആളുകള്‍ ഇന്റര്‍നെറ്റില്‍ പതിയിരിപ്പുണ്ടെന്ന കാര്യം മറക്കരുതെന്ന ഓര്‍മ്മിപ്പിച്ച അദ്ദേഹം- മൊബൈല്‍, ടാബ്ലെറ്റ്, സിനിമ, വീഡിയോ ഗെയിം, മിനി സീരീസ് തുടങ്ങിയവ ഉള്‍പ്പെടുന്ന സ്ക്രീന്‍ സംസ്കാരം യുവതലമുറയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ വിവര ശേഖരണം പോലെയുള്ള ചൂഷണങ്ങള്‍ക്ക് അവര്‍ വിധേയരാകുന്നുണ്ടെന്നും ഒക്ടോബറിലെ യൂത്ത് സിനഡില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ പങ്കുവെച്ച വസ്തുതയെ ചൂണ്ടിക്കാട്ടി പരാമര്‍ശിച്ചു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനു പ്രായമായ കുട്ടികള്‍ ഇന്റര്‍നെറ്റോട് കൂടിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയതിനെക്കുറിച്ചുള്ള കണക്കുകള്‍ ശേഖരിക്കുവാന്‍ ഐറിഷ് പോലീസിന്റെ ചൈല്‍ഡ് എക്സ്പ്ലോയിറ്റേഷന്‍ യൂണിറ്റ് മൊബൈല്‍ ഫോണ്‍ വിതരണക്കാരുടെ സഹകരണത്തോടെ ശ്രമിക്കുന്നുണ്ടെന്ന് ഡിറ്റക്ടീവ് സാര്‍ജെന്റ് മേരി മക്ക്കോര്‍മാക്ക് പറഞ്ഞകാര്യവും മെത്രാപ്പോലീത്ത പരാമര്‍ശിച്ചു. സൈബര്‍ ലോകം വ്യാജവാര്‍ത്തകളും, തെറ്റായ വിവരങ്ങളും, വെറുപ്പും, വിദ്വേഷവും പ്രച്ചരിപ്പിക്കുന്നുണ്ടെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ച അദ്ദേഹം ഡിജിറ്റല്‍ ലോകത്തെ വെല്ലുവിളികളെ നേരിടുവാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.


Related Articles »