News - 2025
മെക്സിക്കന്‍ മെത്രാന്‍ സംഘം പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍ 21-06-2019 - Friday
മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോ നേരിടുന്ന കുടിയേറ്റ പ്രശ്നത്തെക്കുറിച്ചും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രസിഡന്‍റ് ആന്‍ഡ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറുമായി മെക്സിക്കന്‍ മെത്രാന്‍ സമിതി ചര്‍ച്ച നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ 17നു നടന്ന കൂടിക്കാഴ്ചയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയല്‍, യുവജനങ്ങളുടെ പുരോഗതി, ജയിലിലെ പ്രേഷിതശുശ്രൂഷ, പരിസ്ഥിതി, കുടുംബം, ജീവന്റെ സംരക്ഷണം, ആരോഗ്യപരിപാലനം, മിലിട്ടറിയിലെ അജപാലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മെത്രാന്‍ സമിതി ചര്‍ച്ച ചെയ്തു.
മെത്രാന്‍മാരുടെ പ്രതിനിധി സംഘത്തിനു ഊഷ്മളമായ സ്വീകരണമാണ് മെക്സിക്കന്‍ ഭരണകൂടം നല്‍കിയത്. മെത്രാന്മാരെ ശ്രവിച്ച പ്രസിഡന്‍റ് പൊതുനന്മക്കായി എന്തും ചെയ്യാന്‍ സന്നദ്ധനാണെന്ന് അറിയിച്ചു. രാജ്യം ഇപ്പോള്‍ നേരിടുന്ന അടിയന്തിര പ്രശ്നത്തെ നേരിടുന്നതില്‍ കത്തോലിക്ക സഭയുടെ പിന്തുണയും സഹായവും മെത്രാന്മാര്‍ പ്രസിഡന്റിന് വാഗ്ദാനം ചെയ്തു. കുടിയേറ്റക്കാരുടേയും, അജപാലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുവാനുള്ള സഭയുടെ സന്നദ്ധതയും മെത്രാന്മാര്‍ അറിയിക്കുകയുണ്ടായി.
ഇതിനിടെ കുടിയേറ്റക്കാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന കുറ്റകൃത്യപ്രവണതയെക്കുറിച്ചുള്ള ആശങ്കകളും മെത്രാന്മാര്‍ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. 95 രൂപതകളിലായി പതിനായിരത്തോളം ഇടവകകളും ആയിരകണക്കിന് അജപാലകരുമായി നൂറ്റിമുപ്പതിലേറെ അഭയകേന്ദ്രങ്ങളുമാണ് മെക്സിക്കോയിലെ കത്തോലിക്ക സഭക്കുള്ളത്. കത്തോലിക്ക സഭയുടെ ഇത്തരം സേവനങ്ങള്‍ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുകയാണെന്ന്‍ ചര്‍ച്ചക്ക് ശേഷം മെത്രാന്മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറിച്ചു.
