Youth Zone - 2024

2022 ലോക യുവജന സംഗമത്തിന്റെ പ്രമേയം മാർപാപ്പ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 25-06-2019 - Tuesday

വത്തിക്കാന്‍/ ലിസ്ബണ്‍: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ പ്രമേയം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. "മറിയം എഴുന്നേറ്റു തിടുക്കത്തിൽ പുറപ്പെട്ടു" എന്ന അര്‍ത്ഥമുള്ള "മേരി എറോസ് ആൻഡ് വെന്‍റ് വിത്ത് ഹേസ്റ്റ്" എന്നതാണ് 2022 യുവജന സംഗമത്തിന്റെ തീം. ശനിയാഴ്ച അന്താരാഷ്ട്ര യുവജന ഫോറത്തിന്റെ സമാപനത്തിലാണ് പാപ്പ സുപ്രധാന പ്രഖ്യാപനം നടത്തിയത്. താൻ ഒരുക്കിയ പാത പിന്തുടരാനായുള്ള ദൈവത്തിന്റെ സ്വരത്തിന് ചെവി നല്‍കണമെന്ന്‍ പാപ്പ ഓർമിപ്പിച്ചു.

മറിയത്തെ പോലെ, മറിയവുമായുള്ള ഐക്യത്തിൽ ദൈനംദിന ജീവിതം മറ്റുള്ളവരിലേക്ക് ആനന്ദവും, സ്നേഹവും ചൊരിയട്ടെയെന്നും അന്താരാഷ്ട്ര യുവജന ഫോറത്തിൽ പങ്കെടുക്കാനെത്തിയ യുവജന പ്രതിനിധികളോടായി പാപ്പ പറഞ്ഞു. ലോകത്തിന്റെ അന്ധകാരത്തിലേക്ക് ക്രിസ്തുവിന്റെ പ്രകാശം കൊണ്ടുവരാനായി വിളിക്കപ്പെട്ടിരിക്കുന്നവരാണ് യുവജനങ്ങളെന്നു പാപ്പ ഓർമ്മിപ്പിച്ചു. എത്ര കൂടുതലായി ആളുകളിലേക്ക് നാം ക്രിസ്തുവിനെ പകർന്നുനൽകുന്നവോ, അത്രയും കൂടുതലായി നമുക്ക് ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

2018ൽ നടന്ന ബിഷപ്പുമാരുടെ സിനഡിൽ എടുത്ത തീരുമാനങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്ന വിഷയത്തെ പറ്റി ചർച്ച ചെയ്യാനാണ് അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനുമായുള്ള വത്തിക്കാൻ തിരുസംഘം ജൂൺ 19 മുതൽ 22 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര യുവജന ഫോറം സംഘടിപ്പിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം യുവജനസംഗമത്തിന് വേദിയാകുന്ന ലിസ്ബൺ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ നിന്നും 75 മൈലുകൾ മാത്രം അകലെയാണ്.

More Archives >>

Page 1 of 4