News - 2024

യുഎസ് സുപ്രീം കോടതി പരിസരത്തിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണം

സ്വന്തം ലേഖകന്‍ 26-06-2019 - Wednesday

വാഷിംഗ്‌ടണ്‍ ഡിസി: യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാളായ ‘കോര്‍പ്പസ് ക്രിസ്റ്റി’ ദിനത്തില്‍ വാഷിംഗ്‌ടണിലെ യു‌എസ് സുപ്രീം കോടതിയുടെ പരിസരത്ത് കൂടി നടത്തിയ ദിവ്യകാരുണ്യ പ്രദിക്ഷണം ശ്രദ്ധേയമായി. സഭയില്‍ ഉടലെടുത്ത പാപങ്ങള്‍ക്കും കുറവുകൾക്കുമുള്ള പരിഹാരവും, വാഷിംഗ്‌ടണ്‍ ഡി.സിയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് രോഗശാന്തിയും വിടുതലും ലഭിക്കുവാനും അപേക്ഷിച്ചുകൊണ്ടായിരുന്നു പ്രദിക്ഷണമെന്ന് സംഘാടകര്‍ പറഞ്ഞു. വൈദികരും കന്യാസ്ത്രീകളും, അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് പ്രദിക്ഷണത്തില്‍ പങ്കെടുത്തത്.

കാപ്പിറ്റോള്‍ ബില്‍ഡിംഗ്‌, യുഎസ് സുപ്രീംകോടതി പരിസരത്തെ ഈസ്റ്റ് കാപ്പിറ്റോള്‍ തെരുവിലൂടെയായിരുന്നു പ്രദിക്ഷണം കടന്ന് പോയത്. വാഷിംഗ്‌ടണിലെ ഹോളി കംഫര്‍ട്ടര്‍-സെന്റ്‌ സിപ്രിയന്‍ ദേവാലയത്തിലെ വൈദികനായ മോണ്‍. ചാള്‍സ് പോപ്പ് പ്രദിക്ഷണത്തിനു നേതൃത്വം നല്‍കി. നന്മയുടേയും തിന്മയുടേയും കേന്ദ്രവും, രാജ്യത്തിന്റെ അധികാരകേന്ദ്രവുമായ കാപ്പിറ്റോള്‍ ഹില്ലിലൂടെ, നിരവധി പ്രതിഷേധക്കാര്‍ ഇതിനു മുന്‍പ് കടന്നുപോയ വഴികളിലൂടെ, വിശ്വാസികളുടേയും അവിശ്വാസികളുടേയും, കോണ്‍ഗ്രസ് അംഗങ്ങളുടേയും സാധാരണക്കാരുടേയും ഭവനങ്ങള്‍ക്ക് മുന്നിലൂടെ, പതാകകളുടേയും മാതാവിന്റെ ചിത്രങ്ങളുടേയും മുന്നിലൂടെ സ്നേഹവും സാക്ഷ്യവുമായി ഞങ്ങള്‍ കടന്നുപോകുമെന്നാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് മുന്നോടിയായി മോണ്‍. ചാള്‍സ് പോപ്‌ വാഷിംഗ്‌ടണ്‍ അതിരൂപതയുടെ ബ്ലോഗില്‍ കുറിച്ചത്.

“നമ്മെ സ്നേഹിക്കുകയും നമുക്ക് വേണ്ടി മരണം വരിക്കുകയും ചെയ്തവനാണ് കടന്നുപോകുന്നത്. അനുതാപത്തിലൂടെ ലഭിക്കുന്ന ആനന്ദം നുകരുവാന്‍ അവന്‍ നമ്മളെ വിളിക്കുന്നു. ക്ഷയിച്ചുപോകുന്ന ഭൗതീകമായ ശക്തിയല്ല അവന്റേത്. സ്വര്‍ഗ്ഗീയവും അനശ്വരവുമായ ശക്തിയാണ് അവന്റേത്. പ്രബലമായ ഈ നഗരത്തില്‍ യഥാര്‍ത്ഥ രാജാവായ അവനെകൂടാതെ ഒന്നും സാധ്യമല്ല. അവന് മാത്രമാണ് നമ്മളെ രക്ഷിക്കുവാന്‍ കഴിയുക” എന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. സഭാംഗങ്ങളുടെ പാപങ്ങളുടെ പരിഹാരമായിട്ടാണ് ഈ പ്രദിക്ഷണമെന്നും അദ്ദേഹം കുറിപ്പില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

More Archives >>

Page 1 of 465