News - 2024
ഉടമ്പടി കടലാസില്‍ ഒതുങ്ങി: കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവര്‍ക്കുള്ള നിയന്ത്രണം ശക്തമാകുന്നു
സ്വന്തം ലേഖകന്‍ 26-06-2019 - Wednesday
ഫുജിയാന്‍: കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന വത്തിക്കാന്‍- ചൈന ഉടമ്പടി കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്ന്‍ വീണ്ടും വ്യക്തമാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് ചൈനയില്‍ കത്തോലിക്കര്‍ക്ക് നിയന്ത്രണം. ചൈനീസ് ഗവണ്‍മെന്‍റിന്റെ അംഗീകാരമില്ലാത്ത ഭൂഗർഭസഭയിലെ അംഗങ്ങൾ ഏറെയുള്ള ഫുജിയാന്‍ പ്രവിശ്യയിലെ വിശ്വാസികൾക്കു കൂച്ചുവിലങ്ങിടുന്ന രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ചൈനയിലെ വിശ്വാസ നിയന്ത്രണം മറ്റൊരു തലത്തില്‍ എത്തിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ വേദപാഠക്ലാസിലോ ഇതര വിശ്വാസ സംബന്ധമായ ചടങ്ങുകളില്‍ പങ്കെടുപ്പിക്കുന്നതിനും വിശ്വാസപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രാർത്ഥനകൾ ഉച്ചത്തിൽ ചൊല്ലുന്നതിനും കടുത്ത ശിക്ഷാ നടപടികളാണ് പ്രാദേശിക ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത സഭയായ ചൈനീസ് പാട്രിയോട്ടിക് അസോസ്സിയേഷനിൽ ചേരുവാൻ ആളുകളെ നിർബന്ധതരാക്കുന്ന വിധത്തിലുള്ള നയങ്ങളും രേഖയിലുണ്ട്.
2018 സെപ്റ്റംബര്‍ 22നാണ് വത്തിക്കാനും ചൈനയും മെത്രാന്‍മാരുടെ നിയമനത്തെ സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പ് വെച്ചത്. ഉടമ്പടിയുടെ ഭാഗമെന്ന നിലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 7 മെത്രാന്‍മാരെ വത്തിക്കാന്‍ അംഗീകരിക്കുകയും അവര്‍ക്ക് ഓരോ രൂപതയുടെ ഉത്തരവാദിത്വം നല്‍കുകയും ചെയ്തിരിന്നു. എന്നാല്‍ ഇതിന്റെ യാതൊരു പ്രയോജനവും സഭക്ക് ലഭിച്ചില്ലായെന്നതാണ് വസ്തുത. കഴിഞ്ഞ വര്‍ഷം ആയിരത്തിനാനൂറോളം ക്രൈസ്തവ ചിഹ്നങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം നീക്കം ചെയ്തതായി ബിറ്റർ വിന്റർ മാസിക ചൂണ്ടിക്കാട്ടിയിരിന്നു.