News - 2024

മറിയം ത്രേസ്യയുടെ തീർത്ഥാടന കേന്ദ്രത്തിലേക്ക് ജനപ്രവാഹം

സ്വന്തം ലേഖകന്‍ 17-07-2019 - Wednesday

തൃശൂര്‍: ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് മാർപാപ്പ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുമ്പോൾ ജന്മനാ നടക്കാൻ ശേഷിയില്ലാത്ത തന്റെ അഞ്ചു വയസ്സുകാരൻ മകന് മറിയം ത്രേസ്യയുടെ മാധ്യസ്ഥതയിൽ സൗഖ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മയായ ജെസ്സി ജോപ്പി. മകന്‍ എബിയുമായി അടുത്ത ദിവസം മറിയം ത്രേസ്യയുടെ തീർത്ഥാടന കേന്ദ്രത്തിൽ എത്തിയിരിക്കുന്ന അവര്‍ മെഡിക്കൽ സയൻസിന് ചെയ്യാൻ സാധിക്കാത്ത അത്ഭുതം തന്റെ മകനുവേണ്ടി മറിയം ത്രേസ്യ മാധ്യസ്ഥമപേക്ഷിച്ച് നേടിത്തരുമെന്ന് പ്രതീക്ഷയിലാണ്. ഇതേപോലെ ഒട്ടനവധി പേരാണ് മറിയം ത്രേസ്യയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന തൃശ്ശൂരിലെ കുഴിക്കാട്ടുശേരിയിലുള്ള തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തുന്നത്.

ജൂലൈ ഒന്നാം തീയതി വത്തിക്കാന്റെ പ്രഖ്യാപനം എത്തിയതോടു കൂടി തീർത്ഥാടന കേന്ദ്രത്തിലേക്ക് ഭക്തജനങ്ങളുടെ വലിയ ബാഹുല്യമാണ് അനുഭവപ്പെടുന്നതെന്ന് തിരുകുടുംബ സന്യാസിനി സഭാംഗമായ സിസ്റ്റർ ജിഷാ ജോസഫ് പറഞ്ഞു. 1914ൽ മറിയം ത്രേസ്യയാണ് പ്രസ്തുത സന്യാസിനി സഭ ആരംഭിക്കുന്നത്. ഉത്തരേന്ത്യയിലെ മിഷൻ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന സിസ്റ്റർ ജിഷാ ജോസഫ് തീർത്ഥാടകർക്ക് സഹായങ്ങൾ ഒരുക്കുന്നതിനായി ഇപ്പോൾ ഇവിടെ തന്നെയാണ് തന്റെ സേവനം തുടരുന്നത്. തിരുകുടുംബ സന്യാസിനി സഭ ആരംഭിക്കുന്നതിനുമുമ്പ് മറിയം ത്രേസ്യ മറ്റു രണ്ട് സന്യാസിനി സഭകളിൽ ചേർന്നിരുന്നു.

എന്നാൽ പിന്നീട് തിരുകുടുംബത്തിന്റെ പേരിൽ ഒരു സന്യാസിനി സഭ ആരംഭിക്കണമെന്ന് ഈശോയിൽ നിന്നും മാതാവിൽ നിന്നും മറിയം ത്രേസ്യക്ക് സ്വർഗ്ഗീയ ദർശനമുണ്ടായി. നാശത്തിൽ ചരിച്ചിരുന്ന പല കുടുംബങ്ങളെയും മറിയം ത്രേസ്യ രക്ഷിച്ചെടുത്തു. മറിയം ത്രേസ്യ പാപികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഒരുപാട് അത്ഭുതകരമായ മാനസാന്തരങ്ങൾ നടന്നു. മറിയം ത്രേസ്യയുടെ അമ്മയെ പിതാവ് രണ്ടാമത് വിവാഹം ചെയ്തതായിരുന്നു. മറിയം ത്രേസ്യയ്ക്ക് വെറും 12 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സമയത്തായിരിന്നു അമ്മയുടെ മരണം. പിന്നീട് മറിയം ത്രേസ്യ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു.

മറിയം ത്രേസ്യയ്ക്ക് മൂന്ന് അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. ഇവർ പ്രാർത്ഥനയ്ക്കും, വിശ്വാസപഠനത്തിനുമായി ഒരുമിച്ചുകൂടി. ഇവരാണ് പിന്നീട് മറിയം ത്രേസ്യ സ്ഥാപിച്ച സന്യാസിനി സഭയിലെ ആദ്യ അംഗങ്ങളായി മാറിയത്. ഒരുപാട് വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് തൃശ്ശൂർ മെത്രാനായിരുന്ന ബിഷപ്പ് ജോൺ മേനാച്ചേരി സന്യാസിനി സഭ തുടങ്ങാൻ മറിയം ത്രേസ്യക്കും കൂട്ടർക്കും അനുമതി നൽകുന്നത്. മറിയം ത്രേസ്യ ചില സമയങ്ങളിൽ വായുവിലേക്ക് ഉയർന്നിരുന്നതായി പലരും കണ്ടിട്ടുണ്ടെന്ന് വത്തിക്കാൻ രേഖകളിൽ പറയുന്നു.

വിദ്യാഭ്യാസ പുരോഗതിക്കായും അക്ഷീണം പ്രോത്സാഹിപ്പിക്കാനും അവർ സമയം കണ്ടെത്തിയിരുന്നു. ഗ്രാമത്തിൽ പെൺകുട്ടികൾക്കായുള്ള ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നത് മറിയം ത്രേസ്യയാണ്. മറിയം ത്രേസ്യയുടെ നാമകരണ നടപടികൾ ആരംഭിക്കുന്നത് 1971-ലാണ്. ഒക്ടോബർ മാസം പതിമൂന്നാം തീയതി വിശുദ്ധ പദവിയിലേക്ക് എത്തുന്ന കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ആളായിരിക്കും മറിയം ത്രേസ്യ.


Related Articles »