News - 2025
മറ്റിയോ ബ്രൂണി പുതിയ വത്തിക്കാൻ വക്താവ്
സ്വന്തം ലേഖകന്‍ 19-07-2019 - Friday
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ഇടക്കാല വക്താവായിരുന്ന അലക്സാന്ദ്രോ ജിസോട്ടി സ്ഥാനമൊഴിയുന്ന ഒഴിവിലേക്ക് സ്ഥിരം വക്താവായി നാല്പത്തിമൂന്നു വയസ്സുള്ള മറ്റിയോ ബ്രൂണിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇറ്റാലിയൻ വേരുകളുള്ള മറ്റിയോ ബ്രൂണി ജനിച്ചത് ബ്രിട്ടനിലായിരിന്നു. 2009 മുതൽ വത്തിക്കാൻ പ്രസ്സ് ഓഫീസിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാർപാപ്പ നടത്തുന്ന അപ്പസ്തോലിക സന്ദർശനങ്ങളുടെ ഉത്തരവാദിത്വം മുന്‍പ് നിര്‍വ്വഹിച്ചിരിന്നു. ജേർണലിസം പഠിച്ചിട്ടില്ലെങ്കിലും സാന്റ് എജിഡിയോ എന്ന അൽമായ പ്രസ്ഥാനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
ഇംഗ്ലീഷും, സ്പാനിഷ്, ഇറ്റാലിയനും, ഫ്രഞ്ചും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നയാള്‍ കൂടിയാണ് പുതിയ വത്തിക്കാന്‍ വക്താവ്. അതേസമയം വത്തിക്കാൻ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ വൈസ് എഡിറ്റോറിയൽ ഡയറക്ടർ എന്ന പദവിയിലായിരിക്കും അലക്സാന്ദ്രോ ജിസോട്ടി ഇനി പ്രവർത്തിക്കുക. മാർപാപ്പയുടെ വക്താവായി പ്രവർത്തിക്കാൻ സാധിച്ചത് ഒരു വലിയ ബഹുമതിയായിരുന്നുവെന്ന് ജിസോട്ടി പറഞ്ഞു. ഒരു പിതാവിനെ പോലെ പിന്തുണ നൽകിയതിൽ മാർപാപ്പയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
![](/images/close.png)