News - 2024

ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിനയായി: നെറ്റ്ഫ്ലിക്സിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു

സ്വന്തം ലേഖകന്‍ 20-07-2019 - Saturday

കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സിനിമ, വീഡിയോ, ടി.വി പരിപാടികള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗില്‍ മുന്‍പന്തിയിലായിരുന്ന അമേരിക്കന്‍ വിനോദ കമ്പനിയായ നെറ്റ്ഫ്ലിക്സ് സാമ്പത്തിക നഷ്ടത്തില്‍. കമ്പനിയുടെ ഗര്‍ഭഛിദ്ര അനുകൂല നിലപാടില്‍ രോഷാകുലരായ പ്രോലൈഫ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സബ്സ്ക്രിപ്ഷന്‍ അവസാനിപ്പിച്ചതാണ് നഷ്ടത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജോര്‍ജ്ജിയ സംസ്ഥാനം ആറാഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുളള ബില്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനത്തു നിന്നും പരിപാടികളുടെ നിര്‍മ്മാണം പിന്‍വലിക്കുമെന്ന ഭീഷണിയാണ് നെറ്റ്ഫ്ലിക്സിന് വിനയായത്.

പ്രതീക്ഷിച്ച വരിക്കാരെ ഉണ്ടാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നാണ് കമ്പനിയുടെ രണ്ടാംപാദ വരുമാന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ 3,52,000-ത്തോളം പുതിയ വരിക്കാരെയായിരുന്നു കമ്പനി പ്രതീക്ഷിച്ചത്. എന്നാല്‍ വെറും 1,26,000 പുതിയ വരിക്കാരെയാണ് മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. ഇത് കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വരിക്കാരുടെ സംഖ്യയിലും വലിയ കുറവാണ് കാണിക്കുന്നത്.

48 ലക്ഷം വരിക്കാരെ പ്രതീക്ഷിച്ചിരുന്നിടത്ത് വെറും 28 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്. 2011-ന് ശേഷം ആഭ്യന്തര വരിക്കാരുടെ എണ്ണത്തില്‍ ആദ്യമായാണ്‌ നെറ്റ്ഫ്ലിക്സ് കുറവ് രേഖപ്പെടുത്തുന്നത്. ഇതിനുപുറമേ ഓഹരി വിപണിയിലും നെറ്റ്ഫ്ലിക്സിന് തിരിച്ചടി നേരിട്ടുവെന്നു സി.എന്‍.ബി.സി. യുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പത്തു ശതമാനം ഇടിവാണ് ഓഹരിവിപണിയില്‍ നെറ്റ്ഫ്ലിക്സ്‌ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതലുള്ള കാലയളവില്‍ ഏറ്റവും കുറഞ്ഞ വിലക്കാണ് ഇക്കഴിഞ്ഞ ജൂലൈ 18-ന് കമ്പനിയുടെ ഓഹരികള്‍ ആരംഭിച്ചത്. കമ്പനിയുടെ മൊത്തം വിപണി മൂലധനം 13,800 കോടി ഡോളറായി ചുരുങ്ങി. 2,000 കോടി ഡോളറിന്റെ കുറവ്.

പരിപാടികളുടെ തിരഞ്ഞെടുപ്പിലെ പോരായ്മകളും, വിലവര്‍ദ്ധനവുമാണ് നഷ്ടത്തിന്റെ കാരണമായി നെറ്റ്ഫ്ലിക്സ് ചൂണ്ടിക്കാട്ടുന്നതെങ്കിലും, ലൈവ് ആക്ഷന്റെ സ്ഥാപകയും, പ്രോലൈഫ് പ്രവര്‍ത്തകയുമായ ലില റോസ് ഇത് തള്ളിക്കളയുന്നു. അബോര്‍ഷനെ പിന്തുണച്ചാല്‍ സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള തങ്ങളുടെ പരിപാടികളുടെ നിര്‍മ്മാണം പിന്‍വലിക്കുമെന്ന കമ്പനിയുടെ ഭീഷണിയാണ് പ്രധാന കാരണമെന്നാണ് ലില റോസ് പറയുന്നത്. ഈ ഭീഷണിക്കുള്ള മറുപടിയായി ആയിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരാണ് നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷന്‍ റദ്ദാക്കിയത്.


Related Articles »