News - 2024

സിറിയന്‍ ജനതയ്ക്കായി വീണ്ടും സ്വരമുയര്‍ത്തി പാപ്പ: പ്രസിഡന്‍റിന് കത്ത് കൈമാറി

സ്വന്തം ലേഖകന്‍ 23-07-2019 - Tuesday

വത്തിക്കാന്‍ സിറ്റി: ആഭ്യന്തര യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന സിറിയന്‍ ജനതയുടെ വേദനയില്‍ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഫ്രാന്‍സിസ് പാപ്പ രംഗത്ത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നടപടികള്‍ സ്വീകരിക്കണമെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന് അയച്ച കത്തില്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. മാനവ സമഗ്രവികസന വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍, സിറിയയിലെ നുണ്‍ഷ്യോ കര്‍ദ്ദിനാള്‍ മരിയോ സെനാരി എന്നിവര്‍ മാര്‍പാപ്പയുടെ കത്ത് പ്രസിഡന്റ് അസാദിനെ നേരില്‍കണ്ട് കൈമാറി.

ഇഡിലിബ് പ്രവിശ്യയിലെ ദുരിതം പ്രത്യേകം ചൂണ്ടിക്കാണിച്ച പാപ്പ, യുദ്ധം മൂലം നാടുവിട്ടുപോകേണ്ടിവന്നവരെയും നാട്ടില്‍ത്തന്നെ ഭവനരഹിതരായി കഴിയുന്നവരെയും തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ അന്തരീക്ഷം സംജാതമാക്കാന്‍ നടപടി വേണമെന്നു ആവശ്യപ്പെട്ടു. പ്രദേശത്തെ പതിമൂന്നു ലക്ഷം പേരാണ് ഭവനരഹിതരായിരിക്കുന്നത്.

തടവില്‍ കഴിയുന്നവരെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്നും സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും മാര്‍പാപ്പ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ നാലുലക്ഷത്തോളം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.


Related Articles »