News - 2025

ക്രിസ്റ്റ്യന്‍ മുറെ വത്തിക്കാന്‍ പ്രസ് ഓഫീസ് വൈസ് ഡയറക്ടര്‍

സ്വന്തം ലേഖകന്‍ 26-07-2019 - Friday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ബ്രസീലിയന്‍ വനിത ക്രിസ്റ്റ്യന്‍ മുറെയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അന്‍പത്തിയേഴു വയസ്സുള്ള മുറെ 25 വര്‍ഷത്തിലധികം വത്തിക്കാന്‍ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇംഗ്ലീഷ് ഇറ്റാലിയന്‍ വംശജനായ മറ്റിയോ ബ്രൂണിയെ പ്രസ് ഓഫീസിന്റെ ഡയറക്ടറായി മാര്‍പാപ്പ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ക്രിസ്റ്റ്യന്‍ മുറെ 1995-മുതല്‍ വത്തിക്കാന്‍ റേഡിയോയില്‍ സ്പാനിഷ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

നടക്കാനിരിക്കുന്ന ആമസോണ്‍ സിനഡിനായി ജനറല്‍ സെക്രട്ടേറിയേറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനിടെയാണ് നിയമനം ഉണ്ടായത്. ബ്രസീലിലെ റിയോ യൂണിവേഴ്സിറ്റിയില്‍നിന്നും ബിസിനസ് അഡ്മിന്സ്ട്രേഷന്‍, മാര്‍ക്കറ്റിങ് വിഷയങ്ങളില്‍ ഉന്നതബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കുടുംബിനിയും രണ്ടു മക്കളുടെ അമ്മയുമായ ക്രിസത്യന്‍ മുറെ റിയോ ഡി ജനീറോ സ്വദേശിനിയാണ്. പുതിയ നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും മാര്‍പാപ്പയോട് പ്രത്യേക നന്ദിയുണ്ടെന്നും ക്രിസ്ത്യന്‍ മുറെ പ്രതികരിച്ചു.


Related Articles »