News - 2025
നോബല്‍ സമ്മാന ജേതാവ് വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്ക്
സ്വന്തം ലേഖകന്‍ 27-07-2019 - Saturday
വത്തിക്കാന്‍ സിറ്റി: മൈക്രോസ്കോപ്പ് ലെന്‍സ്-റെസൊല്യൂഷന്‍ ഗവേഷണ കണ്ടുപിടുത്തങ്ങള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ച ജര്‍മ്മന്‍ പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ ഹേല്‍ വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്ക്. ജൂലൈ 23നു ഫ്രാന്‍സിസ് പാപ്പയാണ് പുതിയ നിയമന ഉത്തരവ് പ്രഖ്യാപിച്ചത്. 57 വയസ്സുകാരനായ ഇദ്ദേഹം പ്രമുഖ ഊര്‍ജ്ജതന്ത്രജ്ഞനാണ്. ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് വൈദ്യശാസ്ത്ര കേന്ദ്രത്തില്‍ നിലവില്‍ ഗവേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
ജീവനെ സംബന്ധിക്കുന്ന വളരെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ പഠിക്കുകയും ലോകത്തെ പഠിപ്പിക്കുകയും, ജീവന്‍റെ ധാര്‍മ്മിക മേഖലയില്‍ സത്യസന്ധമായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്ന വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ ഭാഗമായിരിക്കുക സന്തോഷമുള്ള കാര്യമാണെന്ന് പ്രഫസര്‍ വാള്‍ട്ടര്‍ ഹേല്‍ പ്രതികരിച്ചു. ശ്രദ്ധേയമായ പദവിയിലേയ്ക്കു ക്ഷണിച്ച ഫ്രാന്‍സിസ് പാപ്പയ്ക്ക് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നതായി അദ്ദേഹം നവ മാധ്യമങ്ങളില്‍ കുറിച്ചു. 2014-ലാണ് ജീവനെ പിന്‍തുണയ്ക്കുന്ന അദ്ദേഹത്തിന്റെ മൈക്രോസ്കോപ്പ് ലെന്‍സ്-റെസൊല്യൂഷന്‍ (Lens resolution of Microscope) ഗവേഷണ കണ്ടുപിടുത്തങ്ങള്‍ പരിഗണിച്ചു നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചത്.