News - 2025
വയോധികയായ മുന്‍ സഹപ്രവര്‍ത്തകയെ കാണാൻ വലിയ ഇടയൻ നേരിട്ടെത്തി
സ്വന്തം ലേഖകന്‍ 31-07-2019 - Wednesday
റോം: പേപ്പല്‍ വസതിയിൽ വര്‍ഷങ്ങളോളം സേവനം ചെയ്ത ശേഷം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന വയോധികയായ സന്യാസിനിയെ കാണാന്‍ ഫ്രാന്‍സിസ് പാപ്പ നേരിട്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഡോക്ടേർസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ റോമിലെ റെജീന മുണ്ടി ഹൗസ് എന്ന സന്യാസിനി ഭവനം അപ്രതീക്ഷിതമായി പാപ്പ സന്ദര്‍ശിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇപ്പോഴത്തെ വസതിയായ കാസ സാന്താ മാർത്തയില്‍ വര്‍ഷങ്ങളോളം സേവനം ചെയ്ത സിസ്റ്റര്‍ മരിയ മുക്കി എന്ന സന്യാസിനിയെ നേരില്‍ കണ്ട് സമയം ചിലവിടാനായിരിന്നു പാപ്പയുടെ സന്ദര്‍ശന ലക്ഷ്യം.
ജോലിക്കാരുമായും, അതിഥികളുമായും മറ്റ് സന്യാസികളുമായും ഫോട്ടോ എടുക്കാനും ഫ്രാൻസിസ് മാർപാപ്പ സമയം കണ്ടെത്തി. എല്ലാവർക്കും അപ്പസ്തോലിക ആശീര്‍വ്വാദം നൽകിയതിന് ശേഷമാണ് പാപ്പ മടങ്ങിയത്. ഡോക്ടേർസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ പദവി വഹിക്കുന്ന ഫാ. തോമസ് മാവ്റിക്കാണ് ഈ വാർത്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 1981ൽ വിശുദ്ധ ജോൺ പോൾ മാർപാപ്പ, അലി അക്ക എന്ന അക്രമിയുടെ വെടിവെപ്പിൽ നിന്നും രക്ഷപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രം സൂക്ഷിച്ചിരിക്കുന്നത് ഈ സന്യാസിനി ആശ്രമത്തിലാണെന്നത് ശ്രദ്ധേയമാണ്.
വെടിയേറ്റതിനുശേഷം ജോൺപോൾ മാർപാപ്പയ്ക്ക് ചികിത്സ നൽകിയത് ജെമിലി ഹോസ്പിറ്റലായിരിന്നു. 2000 ജൂബിലി വർഷത്തോടനുബന്ധിച്ച് ആശുപത്രി അധികൃതർ മാർപാപ്പയുടെ വസ്ത്രം റെജീന മുണ്ടി ഹൗസ് സന്യാസിനി ഭവനത്തിനു സമ്മാനിക്കുകയായിരിന്നു. ഇപ്പോള്‍ ഇത് മാർപാപ്പമാരും മറ്റ് അതിഥികളും സന്ദര്‍ശിക്കുന്ന ചാപ്പലിൽ തിരുശേഷിപ്പ് വണക്കത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.
![](/images/close.png)