News - 2024

പ്രിയ വൈദികന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ സിറിയന്‍ ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 31-07-2019 - Wednesday

ഡമാസ്ക്കസ്: ക്രൈസ്തവ - ഇസ്ലാം മതാന്തര സംവാദങ്ങളില്‍ ഏര്‍പ്പെട്ട് സിറിയയുടെ സമാധാനത്തിനായി അക്ഷീണം പ്രയത്നിച്ച ജെസ്യൂട്ട് സംഭാംഗമായി വൈദികനെ കാണാതായിട്ട് ആറ് വര്‍ഷങ്ങള്‍. 2013 ജൂലൈ 28നും ജൂലൈ 29നും മധ്യേയാണ് റോമില്‍ നിന്നുള്ള ഫാ. പൗളോ ഡാൽ ഒഗ്ളിയോ എന്ന വൈദികനെ കാണാതാകുന്നത്. അദ്ദേഹം എവിടെയാണെന്ന് ആറു വർഷത്തിനിടെ ധാരാളം കിംവദന്തികൾ പ്രചരിച്ചിരുന്നെങ്കിലും ഒന്നുപോലും വിശ്വാസ യോഗ്യമായിരുന്നില്ല. തങ്ങളുടെ വൈദികനെ പറ്റിയോ, അദ്ദേഹത്തെ കൊണ്ടുപോയ ആളുകളെ പറ്റിയോ യാതൊരുവിധ വിവരവുമില്ലെന്ന് ആലപ്പോയിലെ കൽദായ ബിഷപ്പും, കാരിത്താസ് സിറിയയുടെ മുൻ അധ്യക്ഷനുമായിരുന്ന മോൺസിഞ്ഞോർ ആന്റേയിൻ ഓഡോ പറഞ്ഞു.

വൈദികന്റെ തിരോധാനത്തിന് പിന്നില്‍ ഉത്തരം കിട്ടാത്ത ഒരുപാട് സാധ്യതകളും, ചോദ്യങ്ങളും അവശേഷിപ്പിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദികളുമായി പോലും സംവാദത്തിന്റെ പാതയായിരുന്നു ഫാ. പൗളോ സ്വീകരിച്ചിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രതാപകാലത്ത് അവരുടെ തലസ്ഥാനമായിരുന്ന റാക്കാ സന്ദർശിക്കുവേയാണ് ഫാ. പൗളോയെ കാണാതാവുന്നത്. അദ്ദേഹത്തെ തീവ്രവാദികൾ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയെന്ന് മുൻ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത് ചില ഉറവിടങ്ങൾ സ്ഥിരീകരിച്ചെങ്കിലും തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. ആറു വർഷങ്ങൾക്കുശേഷവും തങ്ങളുടെ പ്രിയ വൈദികന്‍റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് സിറിയയിലെ ക്രൈസ്തവര്‍.


Related Articles »