Faith And Reason
പ്രമുഖ ലിത്വാനിയന്‍ വ്യവസായി പൗരോഹിത്യത്തെ പുല്‍കി: വൈദികനായത് 59-ാം വയസ്സില്‍
സ്വന്തം ലേഖകന്‍ 01-08-2019 - Thursday
റോം: അന്താരാഷ്ട്ര തലത്തില്‍ വ്യവസായ വ്യാപാര മേഖലകളില്‍ ശക്തമായി വ്യക്തിമുദ്ര പതിപ്പിച്ച മിന്‍റയുഗസ് സെര്‍ണിയോസ്ക്സ് വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും തയാറെടുപ്പുകള്‍ക്കും ഒടുവില്‍ പൗരോഹിത്യത്തെ പുല്‍കി. വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയിലെ വ്യവസായ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൊയ്തു രാജ്യത്തെ ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്‍റ് പദവി വരെ എത്തിച്ചേര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. സത്യം കണ്ടെത്താനായി തന്റെ ആത്മാവില്‍ നിരന്തരമായി ജ്വലിക്കുകയായിരുന്ന അഗ്നിയാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്കും പൗരോഹിത്യത്തിലേക്കും നയിച്ചതെന്ന് ഫാ. മേരി ഏലിയാസ് എന്ന് നാമം സ്വീകരിച്ച ഈ മിഷനറി വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു.
1990- കളില്‍ ലിത്വാനിയയിലെ വ്യവസായരംഗത്ത് മുഴുങ്ങി കേട്ട പേരായിരിന്നു മിന്‍റയുഗസ്. ബിസിനസ് ലോകത്തിന്റെ തിരക്കുകള്‍ക്കിടെ ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം കഴിയുമ്പോഴായിരുന്നു അദ്ദേഹത്തിന് ആത്മീയ ഉള്‍വിളി ലഭിക്കുന്നത്. തുടര്‍ന്നു സത്യ ദൈവത്തെ കണ്ടെത്താന്‍ നീണ്ട നാളത്തെ പരിശ്രമത്തിന് അദ്ദേഹം ആരംഭം കുറിക്കുകയായിരിന്നു. ദൈവത്തെ അന്വേഷിച്ചുള്ള 20 വര്‍ഷത്തെ യാത്രയും അന്വേഷണവും. ഇക്കാലയളവില്‍ പല മത വിശ്വാസങ്ങളെ കുറിച്ചും അദ്ദേഹം ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിച്ചു. 2002-ല്‍ വണ്‍നെസ് മൂവ്മെന്‍റ് സ്ഥാപകനായ ശ്രീ ഭഗവാന്റെ സിദ്ധാന്തങ്ങളില്‍ ആകൃഷ്ട്ടനായി അദ്ദേഹം ഭാരതത്തിലും എത്തി. എന്നാല്‍ ഒന്നിലും പൂര്‍ണ്ണമായ സംതൃപ്തി, സന്തോഷം കണ്ടെത്താന്‍ അദേഹത്തിനായില്ല.
പിറ്റേ വര്‍ഷം മറ്റെങ്ങും ലഭിക്കാത്ത സന്തോഷം ജീവിതത്തില്‍ അദ്ദേഹം കണ്ടെത്തി. 2003-ല്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു അദ്ദേഹം തന്റെ ജീവിതം പൂര്‍ണ്ണമായി ക്രിസ്തുവിന് നല്‍കി. ആത്മീയതയേ കുറിച്ചുള്ള പഠനവും വിചിന്തനവും അവസാനിപ്പിക്കുവാന്‍ അദ്ദേഹം തയാറായില്ല. തന്റെ ജീവിതം മുഴുവന്‍ പഠനങ്ങള്‍ക്കും ഉപവാസത്തിനും തീര്‍ത്ഥാടനത്തിനുമായി അദ്ദേഹം സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം ലിത്വാനിയയില്‍ നിന്നും വലിയൊരു തീര്‍ത്ഥാടനം തന്നെ നടത്തി. 2700 മൈല്‍ ദൂരം മാറി വിശുദ്ധ നാടായ ജറുസലേമിലേക്കായിരിന്നു തീര്‍ത്ഥാടനം. കാല്‍ നടയായാണ് തീര്‍ത്ഥാടനം നടത്തിയെന്നത് ശ്രദ്ധേയം.
മൈലുകള്‍ താണ്ടിയുള്ള തീര്‍ത്ഥാടനത്തിനു ഒടുവില്‍ തിരുക്കല്ലറ ദേവാലയത്തില്‍ വെച്ച് അദ്ദേഹം സന്യാസവ്രതം സ്വീകരിച്ചു. പിന്നീട് ആത്മീയ പ്രഭാഷണങ്ങള്‍ നടത്തിയും വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ജീവിതം മുന്നോട്ട് നീക്കിയെങ്കിലും അദ്ദേഹം തൃപ്തനായില്ല. ഒടുവില്‍ അദ്ദേഹം തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും ഒരുക്കങ്ങള്‍ക്കും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 15ന് 59-ാം വയസ്സില്‍ ഫാ. മേരി ഏലിയാസ് എന്ന പേരില്‍ അദ്ദേഹം വൈദികപ്പട്ടം സ്വീകരിച്ചു. അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെയില്‍ നിന്നായിരിന്നു പൌരോഹിത്യ സ്വീകരണം. കുടുംബജീവിതം ത്യജിച്ച് മിഷ്ണറി സന്യാസിയാകാനുള്ള യാത്രയില്‍ പ്രാര്‍ത്ഥനയും പ്രോത്സാഹനവുമായി തന്റെ മുന്‍ ഭാര്യ ഉണ്ടായിരിന്നതായി അദ്ദേഹം സ്മരിക്കുന്നു. മുന്നോട്ടുള്ള ജീവിതം താന്‍ അനുഭവിച്ചറിഞ്ഞ ക്രിസ്തു സ്നേഹം ആയിരങ്ങളിലേക്ക് എത്തിക്കുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം.