News - 2024

ഹൂസ്റ്റണില്‍ ഇനി വചനാഭിഷേകത്തിന്റെ നാളുകള്‍

03-08-2019 - Saturday

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപത വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനു ഹൂസ്റ്റണില്‍ തിരിതെളിഞ്ഞു. ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ നഗറില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയുടെ ജീവനും വളര്‍ച്ചയും കുട്ടികളിലൂടെയും യുവജനങ്ങളിലൂടെയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസത്തിന്റെ തലത്തില്‍ ദൈവികസ്പര്‍ശമുള്ള കണ്‍വന്‍ഷനാണ് ഹൂസ്റ്റണിലേതെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, മിസിസാഗ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, തലശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഫാ. രാജീവ് വലിയവീട്ടില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ, ജസ്റ്റീസ് കുര്യന്‍ ജോസഫ്, പ്രധാന സ്‌പോണ്‍സര്‍മാരായ സിജോ വടക്കന്‍, പി.വി. ഫ്രാന്‍സി, ജിബി പാറയ്ക്കല്‍, കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം തുടങ്ങിയവര്‍ പ്രസംഗിച്ചു. എഴുപതോളം വൈദികര്‍ ഒരുമിച്ച് അര്‍പ്പിച്ച സമൂഹബലിയോടെയാണു കണ്‍വന്‍ഷനു തുടക്കമായത്.

ഉദ്ഘാടനചടങ്ങിനു ശേഷം ഫാ. ഷാജി തുമ്പേച്ചിറയില്‍ അണിയിച്ചൊരുക്കിയ എറൈസ് ദൃശ്യവിസ്മയം അരങ്ങേറി. നാലു ദിവസം നീളുന്ന കണ്‍വന്‍ഷനില്‍ അയ്യായിരത്തോളം വിശ്വാസികളാണ് പങ്കെടുക്കുന്നത്. സെമിനാറുകളും കലാകായിക പരിപാടികളും കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ ആത്മീയ പ്രഭാഷകര്‍ വരുംദിവസങ്ങളില്‍ കണ്‍വന്‍ഷന്‍ വേദികളില്‍ സന്ദേശം നല്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, ഹൈന്ദവ വിശ്വാസത്തില്‍ നിന്ന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നടി മോഹിനി തുടങ്ങിയവരും പ്രഭാഷണം നയിക്കും. അമേരിക്കന്‍ സമയം ഇന്നു രാവിലെ ഏഴിന് ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് ആരംഭിക്കുന്ന റാലിയില്‍ അയ്യായിരത്തോളം പേര്‍ അണിനിരക്കും.


Related Articles »